കൊച്ചി: ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആരംഭിക്കുന്ന ആസ്റ്റര്‍ മെഡിസിറ്റി പെരിയാര്‍ കയ്യേറിയതായി പരാതി. പരാതിയെ തുടര്‍ന്ന് ചേരാനെല്ലൂര്‍ പഞ്ചായത്ത് മെഡിസിറ്റിക്ക് സ്റ്റോപ്പ് മെമ്മോ നല്കി. ആശുപത്രിക്ക് ലൈസന്‍സ് ലഭിക്കും മുമ്പ് ചികിത്സ തുടങ്ങിയതായും പരാതിയുണ്ട്.
ആശുപത്രിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനാണ് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളും മരുമകനും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയുടെ ഓഹരിയുടമകളാണ്.
കൊച്ചി നഗരത്തിനടുത്ത ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലാണ് 38 ഏക്കര്‍ ഭൂമിയില്‍ മെഡിസിറ്റി ഒരുങ്ങുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രി സമുച്ചയമാണ് മെഡിസിറ്റിയെന്ന് സംരംഭകര്‍ അവകാശപ്പെടുന്നു. 500 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ തീരദേശപരിപാലന നിയമം (സിആര്‍ഇസഡ്) ലംഘിച്ചതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. നദീതീരത്തുനിന്ന് 100 മീറ്റര്‍ മാറിയേ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവൂവെന്നാണ് നിയമം. മെഡിസിറ്റി ഈ ദൂരപരിധി പാലിച്ചിട്ടില്ലെന്നാണ് പരാതി. സര്‍വ്വേ നമ്പര്‍ 213 ലാണ് കെട്ടിടനിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുള്ളതെങ്കിലും ഇതിനു പുറമേ മറ്റു സര്‍വ്വേ നമ്പറിലുള്ള ഭൂമികളിലും കയ്യേറ്റം നടന്നിട്ടുണ്ടെന്ന് സൂചനയുണ്ട്. പഞ്ചായത്തംഗമായ മിനി നല്കിയ പരാതിയിലാണ് വെള്ളിയാഴ്ച സ്റ്റോപ്പ് മെമ്മോ നല്കാന് തീരുമാനമായത്.
കെട്ടിടനിര്‍മ്മാണത്തിന് മാത്രം അനുമതി വാങ്ങിയിട്ടുള്ള മെഡിസിറ്റിയില്‍ ഫെബ്രുവരി 24 മുതല്‍ ഒപി ചികിത്സ ആരംഭിച്ചിരുന്നു. ലൈസന്‍സുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഉടന്‍ ചികിത്സ നിര്‍ത്തിവക്കാനും പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഡിസിറ്റിക്ക് വേണ്ടി പെരിയാര്‍ കയ്യേറിയെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്നും കാണിച്ച് ആന്റണി കോതാട് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കോടതി തീരുമാനമുണ്ടാകുന്നതിനു മുമ്പ് ലൈസന്‍സ് നല്‍കാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. ഇതോടെ 5000 കോടിയുടെ ആസ്റ്റര്‍ മെഡിസിറ്റി പദ്ധതി പ്രതിസന്ധിയിലായി. അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ സെന്ററായിരുന്നു മെഡിസിറ്റിയുടെ ഭാഗമായി സംരംഭകരുടെ പ്രധാന അവകാശവാദങ്ങളിലൊന്ന്. കൊച്ചി മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചത് മെഡിസിറ്റിക്കുവേണ്ടിയാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ടി .എസ് . നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: