പത്തനംതിട്ട: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 10.15 നും 11.30 നും മദ്ധ്യേ തന്ത്രി കണ്ഠര് മഹേശ്വരര് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി തന്ത്രിയും മേല്‍ശാന്തി പി.എന്‍.നാരായണന് നമ്പൂതിരിയുടേയും കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തി ദേവ ചൈതന്യം കൊടിക്കൂറയിലേക്ക് അവാഹിച്ച ശേഷമായിരുന്നു കൊടിയേറ്റ് നടന്നത്.
ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ തുടങ്ങിയവരടക്കം നൂറുകണക്കിന് ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് സന്നിധാനത്ത് കൊടിയേറ്റ് സദ്യയും നടന്നു. 18 വരെ പതിവു പൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും, ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും.
12 ന് രാത്രി ഒന്‍പതിന് പള്ളിവേട്ട, 13 ന് രാവിലെ 11.30 ന് പമ്പയില്‍ ആറാട്ട്. ഉച്ചയ്ക്ക് ശേഷം മൂന്നിന് തിരിച്ചെഴുന്നെള്ളത്ത്. രാത്രി കൊടിയിറക്ക് എന്നിവ നടക്കും. വിഷുദിനമായ 15 ന് രാവിലെ നാലുമുതല്‍ വിഷുക്കണിദര്‍ശനം. പൂജകള്‍ പൂര്‍ത്തിയാക്കി 18 ന് രാത്രി 10 ന് തിരുനട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: