ആറന്മുള: ആറന്മുള വിമാനത്താവള വിരുദ്ധ സമരം വ്യാപകമാകുകയും ജനകീയ പ്രതിഷേധം ശക്തമാകുകയും വിവിധ കേസുകള്‍ കോടതിയില്‍ അന്തിമ വിചാരണയ്ക്കു വരികയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിമാനത്താവള കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി. നന്ദകുമാര്‍ ഒരു മാസമായി ദുബായില്‍ താമസമാക്കിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് പൈതൃക ഗ്രാമ കര്‍മ്മ സമിതി ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ ഉത്തരവുകളും കെജിഎസ് സ്വന്തമാക്കിയത് നന്ദകുമാര്‍ നല്കിയ കത്തുകളുടെ അടിസ്ഥാനത്തിലാണ്. ആന്റോ ആന്റണി എംപി, അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ എന്നിവരോടൊപ്പം മാധ്യമങ്ങളില്‍ വിമാനത്താവള നിലപാടുകള്‍ വിശദീകരിക്കുകയും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക നായകന്മാരെ വിമര്‍ശിച്ചിക്കുകയും ചെയ്തിരുന്നത് നന്ദകുമാറായിരുന്നു. തുടക്കം മുതലേ കെജിഎസ് കമ്പിനിയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ നന്ദകുമാറും നടത്തിയിരുന്ന പ്രവര്‍ത്തനം ദുരൂഹവും സത്യവിരുദ്ധവുമാണെന്ന കര്‍മ്മസമിതിയുടെ വാദം ശരിവെക്കുന്നതാണ് കെജിഎസ് കമ്പിനിയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കെജിഎസ് ഗ്രൂപ്പ് നടത്തിയിട്ടുള്ള പണമിടപാടുകളെക്കുറിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ നേടുന്നതിനുവേണ്ടി നടത്തിയ തട്ടിപ്പുകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് നന്ദകുമാറിന്റെ വിദേശവാസം. ആയതിനാല്‍ കെജിഎസ് കമ്പിനിക്കുവേണ്ടി പി.റ്റി. നന്ദകുമാര്‍ നടത്തിയ എല്ലാ ഇടപാടുകളെക്കുറിച്ചും അടിയന്തിരമായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പൈതൃക ഗ്രാമ കര്‍മ്മസമതി പ്രസിഡന്റ്പി. ഇന്ദുചൂഡന് ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: