ആലപ്പുഴ: ദേശീയപാതയില്‍ ബസ് കാറിലിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറും മരിച്ചു. ഓച്ചിറ ക്ലാപ്പന വാരവിള സിപി ബംഗ്ലാവില്‍ മുഹമ്മദ്കുഞ്ഞ് (75), ഭാര്യ നെബീസക്കുഞ്ഞ് (65), സഹോദരി മറിയുമ്മക്കുഞ്ഞ് (70), മകന് ഫസല്‍ റഹ്മാന്റെ ഭാര്യ ഫെമീന (30), കാര്‍ ഡ്രൈവറും അയല്‍വാസിയുമായ അബ്ദുള്‍ ലത്തീഫ് (45) എന്നിവരാണ് മരിച്ചത്. ഫെമീനയുടെ മൂന്ന് വയസുള്ള കുട്ടി നിസ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നങ്ങ്യാര്‍കുളങ്ങരയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു നാടിനെ നടുക്കിയ അപകടം. ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കല്ലട വോള്‍വോ ബസ് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ താഴ്ചയിലേക്ക് തെറിച്ചുവീണു. കാറിലുണ്ടായിരുന്ന നിസ തെറിച്ച് ദൂരത്തേക്ക് വീണു.
സമീപത്തെ സ്റ്റേഷനില്‍ നിന്ന് ഓടിയെത്തിയ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് അബ്ദുള്‍ ലത്തീഫ്, ഫെമിന, നെബീസക്കുഞ്ഞ് എന്നിവരെ പുറത്തെടുത്തെങ്കിലും ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് ഹരിപ്പാട്ടു നിന്നെത്തിയ അഗ്നിശമനസേനയുടെ സഹായത്തോടെ മറിയുമ്മക്കുഞ്ഞിനെയും മുഹമ്മദുകുഞ്ഞിനെയും പുറത്തെടുത്തെങ്കിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കും മുമ്പ് മറിയുമ്മക്കുഞ്ഞ് മരിച്ചു. മുഹമ്മദുകുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
അപകടത്തില്‍പ്പെട്ടവര്‍ നങ്ങ്യാര്‍കുളങ്ങരയ്ക്ക് കിഴക്ക് മുട്ടത്ത് ബന്ധു നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനും താമല്ലാക്കല്‍ ബന്ധുവീട്ടില്‍ പോകാനുമാണ് രാവിലെ ക്ലാപ്പനയില്‍ നിന്ന് പുറപ്പെട്ടത്. അബ്ദുള്‍ ലത്തീഫ് താല്‍ക്കാലികമായി വാഹനം ഓടിക്കാനെത്തിയതായിരുന്നു. ബസ് യാത്രക്കാര്‍ക്ക് പരിക്കില്ല. ബസിന്റെ അമിത വേഗതയാണ് ദുരന്തത്തിന് വഴിവച്ചത്. അപകടമുണ്ടായ ഉടന്‍ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. ഇയാളുടെ പേരില്‍ നരഹത്യയ്ക്ക് കേസെടുത്തതായി കായംകുളം സിഐ: രാജപ്പന് റാവുത്തര്‍ പറഞ്ഞു.
അബ്ദുള്‍ ലത്തീഫ്, നെബീസക്കുഞ്ഞ്, മറിയുമ്മക്കുമ്മ, ഫെമീന എന്നിവരുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും മുഹമ്മദുകുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഓച്ചിറയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: