കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് കോണ്‍ഗ്രസ് അടക്കമുളള കക്ഷികള്‍ക്കുളള പിന്തുണ നല്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിളള പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിന്റെ ജനവിധി 2014 ല്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മന്ത്രിമാര്‍ പരാജയം മുന്നില്‍ കണ്ടാണ് മത്സര രംഗത്തു നിന്നും പിന്മാറിയത്. കോണ്‍ഗ്രസിന്് ഒരിക്കലും ബിജെപിക്ക് ബദലായി ഉയരാന്‍ സാധിക്കില്ല. പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി മൂന്നാം ശക്തിയായി മാറി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 2009 ല്‍ സിപിഎമ്മിന് തിരിച്ചടിയുണ്ടായെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇക്കുറി ബംഗാളില്‍ ഉള്‍പ്പെടെ ഇടതു പക്ഷം ശക്തമായ മുന്നേറ്റം നടത്തും.
തമിഴ്നാട്ടില്‍ അഴിമതിക്കാരായ ഡിഎംകെയുമായി യാതൊരു ചങ്ങാത്തവും ഇപ്പോള്‍ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഇവരുമായി കൂട്ടു കൂടുമോയെന്ന ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ജോസഫ് ജുഡീഷ്യറിക്കെതിരെ പറഞ്ഞത് മുഖ്യമന്ത്രിക്കെതിരായ കേസില്‍ അപ്പീല്‍ പരിഗണിക്കുന്ന ജഡ്ജിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. നീതിന്യായ രംഗത്ത് കേരളത്തിലെ ഭരണകൂടം അനാവശ്യമായ ഇടപെടലുകള്‍ നടത്തുകയാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: