തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊളംബോയിലേക്ക് പോയ വിമാനത്തിലെ യാത്രക്കാരില്‍ നിന്ന് 98 കിലോ രക്തചന്ദനം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ശ്രീലങ്കന്‍ എയര്‍വേസിന്റെ കൊളംബോ തിരുവനന്തപുരം വിമാനത്തില്‍ നിന്നാണ് രക്തചന്ദനം പിടികൂടിയത്. സംഭവത്തില്‍ മൂന്ന് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ മാഹീന് അബൂബക്കര്‍, കൃഷ്ണന്‍നായര്‍, ബലരാമന് എന്നിവരാണ് പിടിയിലായത്. കസ്റ്റംസിന്റേയും മറ്റ് അധികൃതരുടേയും പരിശോധനകള്‍ക്കുശേഷം പോയ യാത്രക്കാരായിരുന്നു ഇവര്‍. സ്ഥിരമായി ശ്രീലങ്ക, കാനഡ എന്നിവിടങ്ങളില്‍ കച്ചവടത്തിനായി പോകുന്നവരാണിവരെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 9.45-ന് പറന്നുയര്‍ന്ന വിമാനം 15 മിനിറ്റിന് ശേഷം കസ്റ്റംസ് അടിയന്തര സന്ദേശം നല്കി തിരികെയിറക്കുകയായിരുന്നു. വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ രക്തചന്ദനം കടത്താന്‍ ശ്രമിക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കാന്‍ നിര്‍ദേശം നല്‍കിയത്. വിമാനം ഏകദേശം കൊളംബോയില്‍ എത്താനുള്ള സമയമായിരുന്നു. തുടര്‍ന്ന് 10.15 ഓടെയാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിനുള്ളിലെ യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് രക്തചന്ദനം കണ്ടെത്തിയത്.
രണ്ട് പേരുടെ ബാഗുകളില്‍ നിന്നുമാണ് രക്തചന്ദനം കണ്ടെത്തിയിട്ടുള്ളത്. കസ്റ്റംസിന്റെ വീഴ്ചയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. വിമാനത്താവളത്തില്‍ നിന്നും പരിശോധനകളെല്ലാം കഴിഞ്ഞ് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ നിന്നാണ് രക്തചന്ദനം കണ്ടെത്തിയത്. പിന്നീട് പുറത്തു നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടന്നത്. എന്നാല്‍ വിമാനം പുറപ്പെടും മുമ്പ് തന്നെ കള്ളക്കടത്തിനെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിരുന്നുവെങ്കിലും എയര്‍ക്രാഫ്റ്റ് കണ്ട്രോള് യൂണിറ്റുമായി ബന്ധപ്പെടാനെടുത്ത കാലതാമസമാണ് വിമാനം പുറപ്പെടാന്‍ കാരണമായതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
പോളിത്തീന്‍ ഷീറ്റുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ചതിനാലാണ് എക്സ്റേ സ്കാനറില്‍ രക്ത ചന്ദനം തെളിയാതിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. നിരോധിക്കപ്പെട്ട ഉത്പ്പന്നങ്ങളാണ് ഇവരുടെ ബാഗുകളിലെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് സ്ഥിരീകരിച്ചതിനുശേഷമാണ് എയര്‍ക്രാഫ്റ്റ് കണ്ട്രോള് യൂണിറ്റുമായി ബന്ധപ്പെട്ട് വിമാനം തിരിച്ചിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 11.40നാണ് പിന്നീട് വിമാനം കൊളംബോയിലേക്ക് തിരിച്ചത്. ആദ്യമായാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറപ്പെട്ട വിമാനം തിരിച്ചിറക്കി കള്ളക്കടത്ത് സാധനങ്ങള്‍ പിടികൂടുന്നതെന്നും അധികൃതര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: