തിരുവനന്തപുരം: എസ്ഐ നിയമനപ്പട്ടികയില്‍ ക്രമക്കേട് നടത്തിയ പിഎസ്സി ചെയര്‍മാനെയും ബോര്‍ഡ് അംഗങ്ങളെയും പുറത്താക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു. യോഗ്യതാ പരീക്ഷയ്ക്ക് ജയിക്കാനുള്ള മാര്‍ക്ക് നേടാത്തവരെയും പ്രായം കഴിഞ്ഞവരെയുമാണ് പട്ടികയിലുള്‍പ്പെടുത്തി നിയമനം നല്‍കിയിരിക്കുന്നത്. ലക്ഷങ്ങളുടെ അഴിമതി നടത്തിയാണ് പിഎസ്സി എസ്ഐ നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യോഗ്യതാ പരീക്ഷയ്ക്ക് കുറവു മാര്‍ക്ക് നേടിയവരെ ഒഴിവാക്കേണ്ടതിനു പകരം അവരെ കൂടി തിരികി കയറ്റി നിയമനം നല്‍കിയത് ഗുരുതരമായ അഴിമതിയാണ്. കായിക ക്ഷമതാ പരീക്ഷയ്ക്ക് പാസ്സായത് യഥാര്‍ത്ഥത്തില്‍ 600 പേര് മാത്രമാണെന്നിരിക്കെ 248 പേരെകൂടി തിരുകിക്കയറ്റുകയാണുണ്ടായത്. കായിക ക്ഷമതാ പരീക്ഷയുടെ വിവരങ്ങള്‍ വിവാരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും തരാന്‍ പിഎസ്സി തയ്യാറാകുന്നില്ല. വിവരാവകാശ കമ്മീഷണറും വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ല. പിഎസ്സിക്ക് പലതും മറച്ചു വയ്ക്കാനുള്ളതിനാലാണിതെന്ന് സുധീര്‍ പറഞ്ഞു.
എസ്ഐ നിയമനം അപ്പാടെ അഴിമതിയാണെന്ന ആരോപണം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നതാണ്. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് രേഖകളും വസ്തുതകളും. കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ നിയമന അഴിമതിയാണ് ഇത്. ചെയര്‍മാന്റെ നേതൃത്വത്തിലാണ് അഴിമതി നടന്നിട്ടുള്ളത്. പരീക്ഷ റദ്ദ് ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. പിഎസ്സി ചെയര്മാന് രാധാകൃഷ്ണനെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. മാര്‍ച്ച് 3ന് തുടങ്ങാനിരിക്കുന്ന എസ്ഐ മാരുടെ പരിശീലന പരിപാടി റദ്ദാക്കണം.
എസ്ഐ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്നും പിഎസ്സി ചെയര്‍മാനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച് 1ന് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്നും സുധീര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: