ഗൂഡല്ലൂര്‍: ആദിവാസി യുവാവ് ഭാര്യയോടുള്ള വഴക്ക് കാരണം തന്റെ രണ്ട് പെണ്മക്കളെയും തറയിലടിച്ച് കൊലപ്പെടുത്തി. ഗൂഡല്ലൂരിനടുത്ത് തുറപ്പള്ളി അള്ളൂര്വയല് ആദിവാസി കോളനിയിലാണ് സംഭവം. അഞ്ച് വയസുള്ള കാവേരിയും രണ്ടര വയസ്സുള്ള രത്നയുമാണ് നാല്പതുകാരനായ പിതാവ് രാജന് ക്രൂരമായി കൊലചെയ്തത്.
ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം. രാജനും ഭാര്യ ചിക്കിയും രണ്ട് മാസത്തോളമായി പിണക്കത്തിലായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് മക്കള്‍ക്കുമൊപ്പം എഴ്മുറം എന്ന സ്ഥലത്തെ തന്റെ സ്വന്തം വീട്ടിലാണ് ചിക്കി കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാജന് ഇവിടെ വരികയും വീണ്ടും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് ചിക്കി വെള്ളത്തിനായി സമീപത്തെ കിണറ്റിനരികിലേക്ക് പോയപ്പോള്‍ മക്കളെ അനുനയിപ്പിച്ച് രാജന് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
കഴുത്ത് ഞെരിച്ച് തല തറയിലടിച്ചാണ് രണ്ട് പേരെയും രാജന് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം മക്കളുടെ മൃതദേഹം ചാക്കില്‍ കെട്ടി സമീപത്തെ മായാര്‍ നദിയില്‍ ഒഴുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചാക്കില്‍ കെട്ടിയ മൃതദേഹങ്ങള്‍ തലയില്‍ വച്ച് കൊണ്ടുപോകുന്ന വഴിയ്ക്ക് ഒരു സ്വകാര്യ കാപ്പിത്തോട്ടത്തിലെ വാച്ച് മാന്‍ കാണുകയായിരുന്നു. ചാക്കില്‍ നിന്ന് കാല് പുറത്ത് കണ്ട വാച്ച്മാന് ചാക്കിലെന്താണെന്ന് ചോദിച്ചു. ഉടന്‍ രാജന് ചാക്ക് കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
വാച്ചര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗൂഡല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: