ആലപ്പുഴ: ചേര്‍ത്തല മായിത്തറ സര്‍ക്കാര്‍ ജുവനെയില്‍ ഹോമില്‍ അനാഥ ബാലന്റെ കൈ തല്ലിയൊടിച്ച് പഠനം നിഷേധിച്ച സംഭവത്തില്‍ ജില്ലാ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നടപടി സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നു. ജുവനെയില്‍ ഹോമില്‍ ഇത്തരത്തില്‍ സംഭവങ്ങളുണ്ടായാല്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് അയക്കുകയും വിശദീകരണം തേടുകയും ചെയ്യേണ്ട സമിതി ഈ വിഷയത്തില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പത്തനംതിട്ട സ്വദേശിയും കൂറ്റുവേലി ഡിവിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുമായ അനീഷിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. കൈ ഒടിഞ്ഞ അനീഷിനെ രണ്ടുമാസത്തോളമായി സ്കൂളില്‍ അയക്കാനും അധികൃതര്‍ തയാറായില്ല. ഇക്കാര്യം ജന്മഭൂമിയില് വാര്‍ത്തയായതിനെ തുടര്‍ന്നാണ് സ്കൂളില്‍ അയക്കാന്‍ തയാറായത്.
ചാടിപ്പോകാന്‍ ശ്രമിച്ച കുട്ടിയെ സൂപ്രണ്ട് തടഞ്ഞപ്പോള്‍ കുതറി മാറുന്നതിനിടെ കൈ ഉളുക്കുക മാത്രമാണുണ്ടായതെന്നാണ് ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയംഗം അഡ്വ.അബ്ദുള്‍ സമദ് പറയുന്നത്. ജുവനെയില്‍ ഹോമിലെ പ്രവര്‍ത്തനങ്ങളില്‍ അപാകതകളുണ്ടെന്നും ഇവിടേക്ക് ഭക്ഷണാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതില്‍ പോലും സുതാര്യത ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയതോടെ ജീവനക്കാര്‍ തമ്മിലുണ്ടായിരുന്ന ഭിന്നതയാണ് പ്രശ്നങ്ങള്‍ പുറംലോകം അറിയാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്തേവാസികള്‍ക്ക് നേരിയ പരിക്കെങ്കിലും ഉണ്ടായാല്‍ പോലും രേഖാമൂലം വിശദീകരണം തേടാന്‍ ബാധ്യസ്ഥരാണ് ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി.
മായിത്തറ ജുവനെയില്‍ ഹോമില്‍ നിന്ന് ചാടിപ്പോകാന്‍ ശ്രമിച്ചെന്നാരോപിച്ച് അന്തേവാസിയായ അനാഥ ബാലനെ മര്‍ദ്ദിച്ച് പഠനം നിഷേധിച്ച വാര്‍ത്ത കഴിഞ്ഞദിവസമാണ് ജന്മഭൂമി പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: