തിരുവനന്തപുരം: വി.എം. സുധീരനെ കെപിസിസി പ്രസിഡന്റാക്കിയതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടഞ്ഞുതന്നെ. സുധീരനെ പ്രസിഡന്റാക്കിയ ഹൈക്കമാന്റ് തീരുമാനത്തില്‍ തല്ക്കാലം മാറ്റമുണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വി.എം.സുധീരന്റെ പേര് ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി അതിനെ എതിര്‍ത്തിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റാക്കാനാണ് നിര്‍ദ്ദേശിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഗൂപ്പുകളെയെല്ലാം അവഗണിച്ചും ഗ്രൂപ്പതീതമാകണം പ്രവര്‍ത്തനമെന്ന് കല്പിച്ചുമാണ് ഹൈക്കമാന്റ് സുധീരനെ കെപിസിസി പ്രസിഡന്റാക്കിയത്. സുധീരന്റെ പേര് ഹൈക്കമാന്റ് പ്രഖ്യാപിച്ചതുമുതല്‍ മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയാണ്. സര്‍ക്കാരിനെ വരുതിയിലാക്കാന്‍ സുധീരനും പിടിമുറുക്കുകയാണ്.
സ്ഥാനര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ ഗ്രൂപ്പിസത്തിനെതിരെ കര്‍ശന നിലപാടുകളാണ് സുധീരന് സ്വീകരിച്ചിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പടിസ്ഥാനത്തിലാവില്ല. വിജയസാധ്യതമാത്രമായിരിക്കും നിര്ണായഘടകമെന്ന് സുധീരന് വ്യക്തമാക്കിയിരിക്കുന്നു. ഇതും ഉമ്മന്‍ ചാണ്ടിയെ ചൊടുപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസെന്ന ഗ്രൂപ്പ് മാത്രം മതിയെന്ന പ്രസ്താവനയ്ക്കെതിരെ കെ. സുധാകരന് എംപി മാത്രമാണ് പരസ്യമായി പ്രതികരിച്ചത്. അത് ഒറ്റപ്പെട്ട പ്രതികരണമായി ഒതുങ്ങി. ഹൈക്കമാന്റ് തീരുമാനത്തെ ആരും ചോദ്യം ചെയ്യരുതെന്ന വിലക്കും സുധീരന് നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് ഇല്ലാതായാല്‍ നിലനില്പ് അപകടത്തിലാകുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. ഭരണരംഗത്തും പാര്‍ട്ടിയിലും ഐ ഗ്രൂപ്പ് പിടിമുറക്കുന്നതും ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
സര്‍ക്കാരിന് മൂക്കുകയറിടാനുള്ള വി.എം.സുധീരന്റെ തീരുമാനാനങ്ങള്ക്കെതിരെ കടുത്ത പ്രതിഷേധവുമായി പരസ്യ യുദ്ധത്തിനൊരുങ്ങുകയാണ് മുഖ്യമന്ത്രി. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രീതിയാണ് തുടരുന്നത്. മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷണയുടെ സ്ത്രീരക്ഷാ മുന്നേറ്റയാത്രയിലും ഇതാവര്‍ത്തിച്ചു. സമാപനത്തിന് മുഖ്യമന്ത്രിയുടെ സൗകര്യപ്രകാരമാണ് തീയതി നിശ്ചയിച്ചത്. അവസാന നിമിഷം മുഖ്യമന്ത്രി പിന്മാറി. ഉമ്മന്‍ചാണ്ടിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ചില തെറ്റിദ്ധാരണകളുണ്ടായിരുന്നുവെന്നുമാണ് സുധീരന് പ്രതികരിച്ചത്. എല്ലാം പരിഹരിച്ച് പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ച് പോകുമെന്നും അദ്ദേഹം കഴിഞ്ഞദിവസം അവകാശപെട്ടു. സുധീരന്റെ പ്രസ്താവനയ്ക്ക് പുറകെയാണ് താനൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മഹിളാകോണ്‍ഗ്രസിന്റെ പരിപാടിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി പിന്മാറിയത്. സുധീരന് പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം നടന്ന പൊതുപരിപാടികളിലെല്ലാം ഉമ്മന്‍ചാണ്ടി ഈ നിലപാടാണ് എടുത്തത്.
സുധീരനെ അവഗണിച്ച് മുന്നോട്ടു പോകാനും അതുവഴി തന്റെ പ്രതിഷേധവും ലക്ഷ്യവും സംബന്ധിച്ച് വ്യക്തമായ സന്ദേശം ഹൈക്കമാന്റിന് നല്‍കാനുമാണ് ഉമ്മന്‍ചാണ്ടി ഉദ്ദേശിക്കുന്നത്. അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് പ്രതിനിധി നടത്തിയ ചര്‍ച്ചയിലും ഇതേ നിലപാട് അദ്ദേഹം തുടരുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പിനു വിരുദ്ധമായും തന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളികളയാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാട് നേതൃത്വത്തെ ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കും. എ.കെ. ആന്റണി പങ്കെടുത്ത തിരുവിതാംകൂര്‍ പ്ലാറ്റിനം കോണ്‍ഗ്രസ് സമാപന സമ്മളനത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടു നിന്നു.
കരിമണല്‍ ഖാനനം, ആറന്മുള വിമാനത്താവളം എന്നി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിച്ച് സുധീരനും യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. വിജിലന്‍സ് കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കു പുതിയ തസ്തികകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് സുധീരന് സര്‍ക്കാരിന് കത്തയച്ചിരുന്നു. വിജിലന്‍സ് കുറ്റക്കാരനെന്നു കണ്ടെത്തിയ കണ്‍സ്യൂമര്‍ഫെഡ് എം.ഡി റജി.വി.നായരെ കേപ്പ് ഡയറക്ടറാക്കിയ പശ്ചാത്തലത്തിലാണു കത്ത്. റജി വി നായര്‍ തല്‍സ്ഥാനം ഒഴിയുകയും ചെയ്യും. സര്‍ക്കാരിന്റെയും കെപിസിസിയുടെയും വിരുദ്ധ നിലപാടുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഇമേജില്‍ രമിക്കുന്ന സുധീരനും ഗ്രൂപ്പ് പിന്ബല ശക്തിയായി കരുതുന്ന ഉമ്മന്‍ചാണ്ടിയും ബലാബലം നോക്കുമ്പോള്‍ പ്രത്യേകിച്ചും.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: