കൊല്ലം: ആശ്രമത്തിനും അന്തേവാസികള്ക്കുമെതിരേ നടക്കുന്ന കുപ്രചാരണം മതവികാരം ഇളക്കിവിടാന്‍ ആരൊക്കെയോ നടത്തുന്ന ശ്രമമാണെന്ന് മാതാഅമൃതാനന്ദമയീ ദേവി. ഇതിനോട് ക്ഷമിക്കാനും സഹിക്കാനും ആശ്രമം ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ അമ്മ മക്കളെ ആഹ്വാനം ചെയ്തു. ആഗ്രഹിച്ചതു സാധിക്കാതെ വന്നപ്പോള്‍ ചിലര്‍ തോന്നിയതെല്ലാം പറയുകയാണെന്ന് അമ്മ പറഞ്ഞു. ഈ പോക്ക് എങ്ങോട്ടാണെന്ന് അറിയില്ലെന്ന് പറഞ്ഞ അമ്മ എല്ലാവരിലും നല്ല മനസുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
ഇന്നലെ പാലക്കാട്ട് ഭക്തരുമായുള്ള സദ്സംഗത്തില്‍ നടത്തിയ പ്രഭാഷണത്തിലും പിന്നീട് ഔദ്യോഗിമായ പ്രസ്താവനയിലയും അമ്മ നല്കിയ വിശദീകരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ: ആശ്രമം കൃത്യമായിത്തന്നെ കണക്ക് എല്ലാവര്‍ഷവും കൊടുക്കുന്നുണ്ട്. എല്ലാം വേണ്ടപോലെയാണ് ചെയ്യുന്നത്. പലരും പലതും- അങ്ങനെയും ഇങ്ങനെയും- ഒക്കെ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അത്ര കോടികള്‍ എനിക്കുണ്ടായിരുന്നെങ്കില്‍, എന്റെ ആഗ്രഹം അങ്ങനെയാണ്. നമ്മുടെ ആശ്രമത്തിന് ഒരു മതവും പൈസ തരുന്നില്ല, ഒരു ജാതിയും തരുന്നില്ല, ഒരംഗത്വഫീസുമില്ല. മക്കടെ ത്യാഗംകൊണ്ടാണ് എന്തെങ്കിലുമുള്ളത്.
എന്തെങ്കിലും സേവ ചെയ്യുന്നൊരു സ്ഥാപനം പത്തുപേര്‍ക്ക് സേവന മനോഭാവം കിട്ടുന്ന ഒരു സ്ഥാപനം. ഗുജറാത്തില്‍ ആശ്രമം വീട് വെച്ചുകൊടുത്തു. ആ ഗ്രാമങ്ങളിലെ 85-90 ഉം വയസ്സുള്ളവര്‍ സുനാമി വന്നപ്പോഴും ഇപ്പോള്‍ ആശ്രമം വീട്വെച്ചുകൊടുക്കുന്ന സ്ഥലങ്ങളിലും വന്ന് സേവനം ചെയ്യും.
തന്റെ ബുദ്ധിക്ക് ദഹിക്കുന്നതെന്താണ്, തന്റെ കാഴ്ചപ്പാടെന്താണ്, അത് മാത്രമാണ് ശരി. ഇതാണ് പലരുടെയും ചിന്ത. കാഴ്ചയുണ്ട്, കാഴ്ചപ്പാടില്ല എന്നതാണ് സ്ഥിതി. എന്നെ ആരും സേവിക്കാന്‍ പറയുന്നില്ല. ഞാനാണ് എല്ലാവരേയും സേവിക്കുന്നത്. എന്റെ മക്കളെ ഞാന്‍ സേവിക്കുകയാണ്. മോഷ്ടിച്ചു കൊണ്ടുവന്നോ ആരോടെങ്കിലും ചോദിച്ചു മേടിക്കുകയോ ഒന്നും ചെയ്യുന്നില്ല. ആരും പ്രയത്നിക്കാതെ ഇരിക്കുന്നുമില്ല. പ്രയത്നിച്ച് തന്നെയാണ് സേവനം ചെയ്യുന്നത്. ഞാന്‍ ഒരു നേരമേ ഭക്ഷണം കഴിക്കുകയുള്ളൂ. ചില ദിവസം കഴിച്ചില്ലായെന്നിരിക്കും. എന്തായാലും എല്ലാ ദിവസവും മണിക്കൂറുകളോളം ഇരുന്ന് ഭക്തരെ കാണും.
വിദേശത്തുനിന്നും നാട്ടില്‍നിന്നും വരുന്ന നൂറുകണക്കിനുള്ള കത്തുകള്‍ വായിക്കും. സ്ഥാപനങ്ങളുണ്ട്; കുട്ടികളെ ധ്യാനിപ്പിക്കാന്‍ കൊണ്ടുപോകും; ചോദ്യോത്തരങ്ങള്‍ നടത്തും. ഇവിടെ ആരും പ്രയത്നിക്കാതെ ഇരിക്കുന്നില്ല. എന്ത് ജോലി ചെയ്യാനും എനിക്ക് മടിയില്ല.
ആരെയും കുറ്റം പറയുകയല്ല. മക്കടെ ത്യാഗവും സമര്‍പ്പണവും പറയുകയാണ്. അതുകൊണ്ട് പല പല കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നുണ്ട്. പലരും വാദിക്കുന്നുണ്ട്. ഇറങ്ങിവന്ന് പ്രയത്നിച്ച് കാണുന്നില്ല. അതാണ് വിഷമം. ഈശ്വരനെ വിശ്വസിക്കണമെന്ന് ഞാന്‍ പറയുന്നില്ല. ഈശ്വരനുണ്ടോ എന്നല്ല, ദുഃഖിക്കുന്ന മനുഷ്യനുണ്ടോ? ആ ദുഃഖത്തെ എങ്ങനെ നിവര്ത്തിവരുത്താന് പറ്റും. അത് ചെയ്താല്‍ അവരുടെ കാല് അമ്മ കഴുകാം.
ആശ്രമം സമാധാനത്തിന്റെ കേന്ദ്രമാണ്. ആത്മസമര്‍പ്പണത്തിലും നിസ്വാര്ത്ഥസേവനത്തിലും സ്നേഹത്തിലുമാണെന്റെ വിശ്വാസം. കുട്ടികളെയും ഞാന്‍ അതാണ് പഠിപ്പിക്കുന്നത്. ഞാനൊരു തുറന്ന പുസ്തകമാണ്. ഈ പറഞ്ഞ് പരത്തുന്ന കാര്യങ്ങളൊക്കെ അസത്യമാണ്. ആഗ്രഹിച്ചത് സാധിക്കാതെ വന്നപ്പോള്‍ ചിലര്‍ തോന്നിയതെല്ലാം പറയുന്നു. ആരൊക്കെയോ എന്തൊക്കെയോ വിളമ്പി മതവികാരം ഇളക്കിവിട്ടിട്ട്, അങ്ങോട്ടും ഇങ്ങോട്ടും ഗുസ്തിയുണ്ടാക്കി, യുദ്ധംതന്നെ പുറപ്പെടുവിക്കാന്‍ ഇരിക്കുകയാണ്. എല്ലാവരുടെയും ഹൃദയത്തില്‍ നല്ലത് നിറഞ്ഞ്, നല്ല മനസ്സ് കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ക്ഷമിക്കാനും സഹിക്കാനും ശക്തി കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കൂ മക്കളെ. അകവും പുറവും കലുഷമാണ്. എങ്ങോട്ടാ നമ്മുടെ പോക്കെന്നറിയില്ല, എല്ലാരിലും നല്ല മനസ്സുണ്ടാകണേ.
അമ്മക്കുവേണ്ടി മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഒപ്പുവെച്ച പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: