കൊച്ചി: ആറന്മുള വിമാനത്താവളത്തിന് അനുമതി നല്കിയ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എന്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ഹൈക്കോടതി ചോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഇതിന് മുമ്പ് പരിഗണിച്ചിരുന്നോ എന്നും ഹൈക്കോടതി ആരാഞ്ഞു.
കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കൈവശമുള്ള സകലരേഖകളും സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. മാര്‍ച്ച് 10 നകം എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പല നടപടികളിലും ഹൈക്കോടതി അതൃപ്തി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍, റിപ്പോര്‍ട്ട്, അനുബന്ധ റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ്, ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന്‍നായര്‍, ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുന്നത്.
വിമാനത്താവളത്തിന് അനുമതി നല്‍കിയത് കേന്ദ്രസര്‍ക്കാരാണ് എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം എന്നിവ അനുവദിച്ചത് സംസ്ഥാന സര്‍ക്കാരല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാരിന് മറുപടി ഉണ്ടായിരുന്നില്ല.
വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. തത്വത്തില്‍ മാത്രം അംഗീകാരം നല്കിയ പദ്ധതിയില്‍ സര്‍ക്കാര്‍ പത്ത് ശതമാനം ഓഹരി എടുത്തതെങ്ങനെയെന്നും കോടതി ചോദിച്ചു. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് കെജിഎസിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതിയെ സഹായിക്കുക മാത്രമാണ് അഭിഭാഷക കമ്മീഷന് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി നെല്വയലാണെന്നും പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും പൈതൃക കര്‍മസമിതി കോടതിയെ അറിയിച്ചു. വിശദമായ വാദത്തിനായി ഹര്‍ജി മാര്‍ച്ച് 10 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: