മട്ടാഞ്ചേരി: കൊതുകുപടയുടെ നാട്ടില്‍ കൊതുകില്‍നിന്ന് രക്ഷതേടി സബ്ജയില്‍ തടവുകാര്‍ക്ക് സുഖനിദ്ര. കൊതുക്മൂലം പേരുദോഷം വന്ന കൊച്ചിയിലെ മട്ടാഞ്ചേരി സബ്ജയില്‍ തടവുകാരാണ് കൊതുക്മുക്ത തടവുജീവിതം നയിക്കുന്നത്.
രൂക്ഷമായ കൊതുകുശല്യമുള്ള കൊച്ചിയുടെ പ്രദേശങ്ങളിലൊന്നാണ് മട്ടാഞ്ചേരി -ഫോര്‍ട്ടുകൊച്ചി ദേശം ചെറുതും വലുതുമായ രോഗവാഹിനി കൊതുകുകളടക്കമുള്ള വന്‍പടയുടെ രൂക്ഷമായ ശല്യം ജനങ്ങള്‍ നേരിടുമ്പോഴാണ് തടവുകാര്‍ കൊതുകില്‍നിന്ന് രക്ഷനേടി ജയില്‍ സുഖവാസമനുഷ്ഠിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി മട്ടാഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞ തടവുകാര്‍ക്ക് കൊതുകുശല്യം കെട്ടുകഥ മാത്രമാകുകയാണ്. സബ്ജയില്‍ മതിലിനപ്പുറമുള്ള പോലീസ്സ്റ്റേഷനിലെയും പോലീസ് ക്വാര്‍ട്ടേഴ്സിലെ തടവുകാരും പൊതുജനങ്ങളും കൊതുകുശല്യത്തിന്റെ രൂക്ഷത അനുഭവിക്കുമ്പോഴാണ് കുറ്റക്കാരായും ശിക്ഷാവിധിയും കഴിയുന്ന സബ്ജയില്‍ തടവുകാര്‍ കൊച്ചിയുടെ വന്ദുരിതത്തില്നിന്നുള്ള കൊതുകുരക്ഷകരായി സുഖിക്കുന്നത്.
സബ്ജയില്‍ നവീകരണത്തിന്റെ ഭാഗമായി 9-10 വര്‍ഷമാണ് മട്ടാഞ്ചേരി സബ്ജയില്‍ കൊതുകുമുക്തമായി മാറിയത്. ജയിലിലെ ആറ് സെല്ലുകളും ഓഫീസും വരാന്തയും പാറാവുകേന്ദ്രവുമെല്ലാം കൊതുകുവലകൊണ്ട് പൊതിഞ്ഞാണ് നവീന ആശയം പ്രകടമാക്കിയത്. മയക്കുമരുന്ന്, തമ്മില്‍തല്ല്, മോഷണം കേസ് മുതല്‍ സ്ത്രീപീഡനം-കൊലപാതകക്കേസുകളില്‍ വരെയുള്ളവരാണ് മട്ടാഞ്ചേരി സബ്ജയിലിലെ തടവുകാര്‍. നിലവില്‍ 37 ഓളം തടവുകാരും ഒരു സൂപ്രണ്ടടക്കം പത്തോളം ജീവനക്കാരുമാണ് മട്ടാഞ്ചേരി സബ്ജയിലിലുള്ളത്. ഇവരെല്ലാം കൊതുകുവിമുക്ത പദ്ധതിയുടെ ഗുണഭോക്താക്കളുമാണ്. കൊതുകുശല്യത്തില്‍നിന്ന് മുക്തരാണെങ്കിലും സബ്ജയില്‍ പ്രവര്‍ത്തനം ആശങ്കയുടെ നിഴലിലാണ്. 37 ഓളം തടവുകാരെ ഒരേസമയം നിയന്ത്രിക്കുന്നത് ഗാര്‍ഡുമാര്‍ മാത്രമാണ്.
സ്നേഹപ്രകടനങ്ങളും സഹകരണവുമാണ് തടവുകാരെ അനുസരണശീലരാക്കുന്നതെന്ന് ജയില്‍ അധികാരികള്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ് ഏറെ വലയ്ക്കുന്ന മട്ടാഞ്ചേരി സബ്ജയില്‍ തടവുകാരുടെ പരസ്പരസംഘട്ടനത്തിന്റെ പേരില്‍ മുമ്പ് ഒട്ടേറെതവണ വാര്‍ത്താപ്രാധാന്യവും നേടിയതാണ്.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: