തിരുവനന്തപുരം: വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. സര്‍ക്കാരിന് അയച്ച കത്തിലാണ് സുധീരന് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലന്‍സ് കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ എവിടെയെങ്കിലും നിയമിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും സുധീരന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന റിജി ജി നായരെ കേപ് ഡയറക്ടറാക്കിയത് വിവാദമായ സാഹചര്യത്തിലാണ് വി.എം സുധീരന്റെ കത്ത്. റിജി ജി നായരുടെ നിയമനത്തിനെതിരെ കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ കെ.പി അനില്‍കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ സുധീരന് പിന്തുണച്ചു. എന്നാല്‍ നിയമനത്തെ ന്യായീകരിക്കുന്ന വാദങ്ങളും യോഗത്തിലുണ്ടായി. ഒടുവില്‍ വിജിലന്‍സ് കേസുകളില്‍പ്പെട്ടവര്‍ക്ക് പുതിയ നിയമനങ്ങള്‍ നല്‍കരുതെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
റിജി ജി നായരുടെ നിയമനം പുനഃപരിശോധിക്കണമെന്ന് വി.എം സുധീരന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കരുതെന്ന് സുധീരന് ആവശ്യപ്പെട്ടിട്ടുണ്ട്. ആറന്മുളയില് ഉടനടി ചര്‍ച്ച വേണമെന്നും കെ.പി.സി.സി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: