നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടന് മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഈ സംഭവങ്ങളില്‍ എല്ലാം തന്നെ ഒരു ആര്യാടന് ടച്ച് കാണാമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുകയാണ് ആര്യാടന് ചെയ്യേണ്ടിയിരുന്നത്. വ്യക്തിപരമായ പല വിഷമങ്ങള്‍ ഉണ്ടാവുമായിരുന്നെങ്കിലും അതാണ് വേണ്ടിയിരുന്നത്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ കൊലയാളികളെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും പിണറായി പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം
അന്വേഷണം തെറ്റായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പലതും മറച്ചു വയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് സംഘത്തിന്. ഐജി ഗോപിനാഥ് വാടകയ്ക്കെടുത്ത ആളെ പോലെയാണ് പെരുമാറുന്നതെന്നും അന്വേഷണം വനിതാ ഐജിയെ ഏല്പ്പിക്കണമെന്നം പിണറായി ആവശ്യപ്പെട്ടു. കേരള രക്ഷാമാര്‍ച്ചിനിടെ രാവിലെ ഒമ്പതരയോടെയാണ് നേതാക്കള്‍ക്കൊപ്പം പിണറായി ഇവരുടെ വീട്ടിലെത്തിയത്.
കേസില്‍ പിടിക്കപ്പെട്ട രണ്ടു പേര് മാത്രമല്ല ഈ കൊലപാതകത്തിന് പിന്നില്‍. അത് അവിടത്തെ നാട്ടുകാര്‍ക്കും അറിയാവുന്നതാണ്. യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുളള ശ്രമത്തിന് സി.പി.എമ്മിന്റെ പിന്തുണയുണ്ടാകുമെന്നും പിണറായി പറഞ്ഞു. കുറ്റകാരെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം രാധയുടെ സഹോദരന് ഭാസ്ക്കരന്‍ പിണറായിക്ക് കൈമാറി.
യാഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുളള ശ്രമത്തില്‍ ഏത് സഹായവും സിപിഐ എമ്മില്‍നിന്ന് രാധയുടെ കുടുംബത്തിനുണ്ടാകുമെന്നും പിണറായി പറഞ്ഞു. സിപിഐ എം നേതാക്കളായ പി കെ ശ്രീമതി, ഇ പി ജയരാജന്, എളമരം കരിം, എ കെ ബാലന് എന്നിവരും പിണറായിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: