ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്ര പൂജാരിണി വലിയമ്മ ഉമാദേവി അന്തര്‍ജനം ശതാഭിഷിക്തയാവുന്നു. രണ്ടു പതിറ്റാണ്ടിന്റെ നാഗോപാസനയില്‍ മുഴുകി ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിച്ചതിന്റെ പുണ്യവുമായി വലിയമ്മ നാഗപൂജകള് നടത്തുന്നത് കാണാന്‍ ആയിരങ്ങള്‍ ക്ഷേത്രത്തിലേക്ക് പ്രവഹിക്കും. ഭക്തര്‍ക്ക് അമ്മയെ ദര്‍ശിച്ച് പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഇല്ലത്തെ നിലവറയ്ക്ക് മുന്നിലെ തളത്തില്‍ ശതാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. തളത്തില്‍ പത്മമിട്ട് മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, കലശപൂജ, വിഷ്ണുപൂജ എന്നിവ പടിഞ്ഞാറെ പുല്ലാംവഴി ദേവന് കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.
നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് അന്ന് ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. രാവിലെ പത്ത് മണിയോടെ പിറന്നാള്‍ സദ്യ ആരംഭിക്കും. അമ്മയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനായി അന്ന് സൗകര്യമൊരുക്കും. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികളിലൂടെ ചടങ്ങുകള്‍ കാണാന്‍ സൗകര്യമൊരുക്കുമെന്നും എം.ജി.ജയകുമാര്‍, എം.എസ്.നാഗദാസ്, എം.എന്‍.ജയദേവന്, എം.വി.ശേഷനാഥ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: