തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കെപിസിസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആറന്മുള പദ്ധതിയെ ഒഴിവാക്കി. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കെ.പി.സി.സി ഭാരവാഹികള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ വി.എം സുധീരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കെ.പി.സി.സി യോഗം തീരുമാനിച്ചു.
മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് അഞ്ചംഗ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്നും പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും യോഗത്തില്‍ സുധീരന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് സര്‍ക്കാരിനോട് വി.എം സുധീരന് ആവശ്യപ്പെട്ടു.
രാവിലെ 10 നാണ് കെപിസിസി നേതൃയോഗം ചേര്‍ന്നത്. പാര്‍ട്ടിക്കുള്ളില്‍ അടിമുടിയുള്ള മാറ്റത്തിനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും സുധീരന് വ്യക്തമാക്കി. മന്ത്രിമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും യാത്രകളും മറ്റും സംബന്ധിച്ച കാര്യങ്ങള്‍ നിര്‍ബന്ധമായും പാര്‍ട്ടിയുടെ താഴേത്തട്ടില്‍ അറിയിച്ചിരിക്കണമെന്ന് സുധീരന് കര്‍ശനമായി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നതിന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്, ശൂരനാട് രാജശേഖരന്, തമ്പാനൂര്‍ രവി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചു. പ്രവര്‍ത്തരുടെ ആവശ്യങ്ങള്‍ ഈ സമിതി വഴി സര്‍ക്കാരിനെ അറിയിക്കാവുന്നതാണെന്നും യോഗം നിര്‍ദ്ദേശിച്ചു.
ഘടകകക്ഷികള്‍ സീറ്റ് ആവശ്യം മുന്നണിയില്‍ പറയണമെന്നും സുധീരന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചക്ക് ശേഷം നിര്‍വ്വാഹകസമിതി ചേരും. വി എം സുധീരന് കെപിസിസി പ്രസിഡന്റായതിനുശേഷമുള്ള ആദ്യയോഗമാണ് ഇന്നത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: