പനാജി: തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റവും തേജ്പാലിനെതിരെ ചുമത്തിയിട്ടുണ്ട്. ലൈംഗിക പീഡനം, ശാരീരിക പീഡനം, തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ തുടങ്ങിയ വകുപ്പുകളാണ് അന്വേഷണ ഉദ്യോഗസ്ഥയായ സുനിതാ സാവന്ത് ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പ്രിന്‍സിപ്പല്‍ ആഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അനുജ പ്രഭുദേശായിക്ക് മുന്പില് സുനിത സാവന്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പീഡനത്തിന് ഇരയായ യുവതിയും തെഹല്ക്കയിലെ ജീവനക്കാരുമടക്കം 152 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗീക അതിക്രമ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ തരുണ്‍ തേജ്പാല്‍ ശ്രമിച്ചതിന് മതിയായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് 2700 പേജുകളോളമുള്ള കുറ്റപത്രത്തില്‍ പറയുന്നു.
ഏറ്റവും നിര്‍ണായകമായി കുറ്റപത്രത്തില്‍ എടുത്ത് കാട്ടുന്നത് ഇരയുടെ മൊഴിയും ഹോട്ടല്‍ ലോബിയിലെ സിസിടിവി ദൃശ്യങ്ങളുമാണ്. അതോടൊപ്പം തന്നെ തേജ്പാലിന്റെ മകളുടെയും തെഹല്‍ക മൂന് മാനേജിംഗ് എഡിറ്റര്‍ ഷോമാ ചൗദരിയുടെയും മൊഴികളും പോലീസ് കുറ്റപത്രത്തില്‍ തെളിവുകള്‍ക്കൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
2013 നവംബറില്‍ നടന്ന തെഹല്‍ക തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് നവംബര്‍ 30നായിരുന്നു ഗോവ ക്രൈംബ്രാഞ്ച് പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ സദാ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് തേജ്പാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: