ന്യൂദല്‍ഹി: തെലങ്കാന വിഷയത്തില്‍ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ഇന്ന് രാജിവെച്ചേക്കും. സീമാന്ധ്രയില്‍ നിന്നുള്ള പ്രതിനിധികളുമായി രാജിസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ കിരണ്‍കുമാര്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച അവസാന ഘട്ടത്തിലാണ്.
പാര്‍ലമെന്റില്‍ തെലങ്കാന ബില്ല് പാസാക്കുന്ന നിലപാടുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതില് പരാജയപ്പെട്ടതോടെ രാജിവച്ച് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ പൂര്‍ണ്ണ പിന്തുണ കിരണ്‍കുമാര്‍ റെഡ്ഡിക്കുണ്ട്. ഐക്യ ആന്ധ്രയ്ക്കു വേണ്ടി ഏതറ്റവും പോകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചാല്‍ രാജിപ്രഖ്യാപിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം.
അതിനിടെ ആന്ധ്രയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനെ കണ്ട വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡി ഇന്നലെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. തെലങ്കാന ബില്‍ മേശപ്പുറത്തുവെച്ചെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ അംഗീകരിക്കാനാവില്ലെന്നും ഭരണപക്ഷത്തിന്റെ തന്നെ ശക്തമായ എതിര്‍പ്പിനിടെ പാസാക്കിയെടുക്കേണ്ട ഒന്നല്ല സംസ്ഥാന വിഭജനമെന്നും കാരാട്ട് പറഞ്ഞു. പാര്‍ലമെന്റില്‍ ബില്ല് വിശദമായി ചര്‍ച്ച ചെയ്യേണ്ട അവകാശം എല്ലാ എംപിമാര്‍ക്കുമുണ്ടെന്നും കാരാട്ട് പറഞ്ഞു.
എന്നാല്‍ സീമാന്ധ്രയിലെ പ്രക്ഷോഭങ്ങള്‍ അതിഭീകരമായ ആഭ്യന്തരപ്രശ്നമായി വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഐക്യ ആന്ധ്രയെന്ന ആവശ്യത്തിനു നേരെ മുഖം തിരിച്ച് സംസ്ഥാനത്തെ വെട്ടിമുറിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ താല്പ്പര്യമെങ്കില് പ്രത്യേക രാജ്യം വേണമെന്ന ആവശ്യം സീമാന്ധ്രയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് തങ്ങളെ വേണ്ടെങ്കില്‍ പ്രത്യേക രാജ്യമായി സീമാന്ധ്രയെ മാറ്റണമെന്ന് ടിഡിപിയിലെ ഉന്നത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: