ആലപ്പുഴ: സമുദായ സംഘടനകളുടെ ഐക്യമല്ല,സമുദായങ്ങള്‍ തമ്മിലുള്ള ഐക്യമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്.ചെട്ടികുളങ്ങര കൈത തെക്ക് ടി.കെ.മാധവ സ്മൃതി മണ്ഡപത്തില്‍ ഡോ. പല്‍പ്പുവിന്റെ 150-ാം ജന്മവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക സംഘടനകള്‍ ഉണ്ടാവും. ജാതി സംഘടനകളും നിലനില്ക്കും. ഒരു മാന്ത്രികവടികൊണ്ട് അതൊന്നും ഇല്ലാതാക്കാന്‍ സാധിക്കില്ല. പക്ഷെ, ആ സംഘടനകളുടെ യോജിപ്പല്ല ആ സമൂഹത്തില്‍പ്പെട്ട ആളുകളുടെ ഐക്യം ഹിന്ദു സമൂഹത്തിന് ഉണ്ടാകണം. അത് എല്ലാ രംഗത്തും പ്രതിഫലിക്കണം. രാഷ്ട്രീയ രംഗത്തടക്കം അത് പ്രതിഫലിച്ചെങ്കില്‍ മാത്രമേ ഹിന്ദുക്കള്‍ ഭാരതത്തില്‍ അതുല്യ ശക്തിയായി മാറുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഡോ. പല്പ്പുവിനെപ്പോലെയും ടി.കെ.മാധവനെപ്പോലെയുമുള്ളവര് അവരുടെ സ്വാര്‍ത്ഥത കൈവടിഞ്ഞ്, സമൂഹത്തിന് വേണ്ടി, ഹിന്ദുസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നു നമ്മുടെ സമൂഹം നാമാവശേഷമായിപ്പോകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഏറ്റവും വെല്ലുവിളി നേരിടുന്നത് ഹിന്ദു സമൂഹമാണ്. എല്ലാ ഹിന്ദു വിരുദ്ധ ശക്തികളും എല്ലാ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. മതം മാറ്റം വളരെ ശക്തമായ തോതില്‍ നടക്കുന്നു. ശ്രീനാരായണ ഗുരുദേവനെപ്പോലും മതം മാറ്റാന്‍ ശ്രമിച്ചവരുണ്ടായിരുന്നു. പക്ഷെ അവരെ വേണ്ട പോലെ പരിഹസിച്ചു വിടാന്‍ ഗുരുദേവന് കഴിഞ്ഞു. ഇന്ന് ഒരു ഭാഗത്ത് മതഭീകരവാദം, മറുഭാഗത്ത് മതപരിവര്‍ത്തനം, ഇതെല്ലാം നടക്കുന്നു. ഇതെല്ലാം ശോഷിപ്പിക്കുന്നത് ഹിന്ദു സമൂഹത്തെയാണ്.
ഹിന്ദു സമൂഹമാണ് നമ്മുടെ ചുവര്. ആ ചുവരുണ്ടെങ്കിലേ എല്ലാ ചിത്രങ്ങളും എഴുതാന്‍ പറ്റു. ഹിന്ദുക്കള്‍ക്ക് അവരുടേതെന്നു അവകാശപ്പെടാന്‍ ഈ ഒരൊറ്റ രാജ്യമേയുള്ളൂ. ക്രിസ്ത്യാനിക്ക് അനവധി രാജ്യങ്ങളുണ്ട്. മുസ്ലീംങ്ങള്‍ക്ക് അനവധി രാജ്യങ്ങളുണ്ട്. ഹിന്ദുക്കള്‍ക്ക് ഒന്നു മാത്രമേയുള്ളു. ഈ രാജ്യം കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കൊമലേഴത്ത് കുടുംബക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ആര്.മനോജ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.മാധവ ശാഖായോഗം പ്രസിഡന്റ് ബിജു തമ്പി, ചെട്ടികുളങ്ങര ഹിന്ദുമത കണ്വന്ഷന് എക്സി. മെമ്പര്‍ സോമരാജന് തരീരം, ഗണകമഹാസഭാ പ്രസിഡന്റ് അനില്‍ പ്രവാസ്, തട്ടാരേത്ത് രാധാകൃഷ്ണപിള്ള, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വി.സുശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: