കാസര്‍കോട്: നിയമനങ്ങളിലെ വീതംവയ്പില്‍ ന്യൂനപക്ഷ മതകേന്ദ്രീകൃതമായി മാറിയ കേരള കേന്ദ്ര സര്‍വ്വകലാശാലക്കെതിരെ പട്ടികവിഭാഗ വിദ്യാര്‍ത്ഥികളും രംഗത്ത്. എസ്സി, എസ്ടി സെല്‍ രൂപീകരിക്കാത്തതുള്പ്പെടെ പട്ടിക വിഭാഗങ്ങളോട് സര്‍വ്വകലാശാല അധികൃതര്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിക്ക് പരാതി നല്കി. പട്ടികജാതി,വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്ന സമീപനമാണ് അധികൃതരുടേതെന്ന് സര്‍വ്വകലാശാല വിസിറ്റര്‍ കൂടിയായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നല്കിയ പരാതിയില്‍ കുറ്റപ്പെടുത്തുന്നു. 122 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നല്കിയ പരാതി എസ്സി, എസ്ടി സ്റ്റുഡന്റ്സ് ഫോറം കണ്‍വീനറും ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഉപേന്ദ്രയുടെ പേരിലാണ് നല്‍കിയിരിക്കുന്നത്. രാഷ്ട്രപതിക്ക് നല്കിയ പരാതിയിലെ പ്രധാന ആരോപണങ്ങള്‍ ഇവയാണ്.
2009-ല്‍ നിലവില്‍ വന്ന കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ യുജിസി നിര്‍ബന്ധമാക്കിയ എസ്സി, എസ്ടി സെല്‍ രൂപീകരിച്ചിട്ടില്ല. അതിനാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്പെടുത്തുന്നതിനോ പരിഹരിക്കുന്നതിനോ പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നില്ല. എസ്സി, എസ്ടി സീറ്റുകളില്‍ ഭൂരിഭാഗവും എല്ലാ വര്‍ഷവും ഒഴിഞ്ഞുകിടക്കുന്നു. രണ്ടാമത് പ്രവേശനം നടത്തി ഒഴിവുകള്‍ നികത്തുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ല.
വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പുകള്‍ അധികൃതരുടെ അനാസ്ഥ കാരണം കൃത്യസമയത്ത് ലഭിക്കുന്നില്ല. പട്ടികവിഭാഗ വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍വ്വകലാശാല ഫീസിനത്തില്‍ വന്‍തുക ഈടാക്കുന്നു. ജനറല്‍ വിഭാഗത്തിനും പട്ടികവിഭാഗത്തിനും ഒരേ ഫീസാണ് ഈടാക്കുന്നത്. മറ്റ് കേന്ദ്രസര്‍വ്വകലാശാലകളില്‍ പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായി നല്കുമ്പോള് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ഹോസ്റ്റല്‍ ഫീസായി ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നു. പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായാണ് സര്‍വ്വകലാശാല ഫീസ് ഈടാക്കുന്നത്. വിവിധ ആവശ്യങ്ങളുടെ പേരില്‍ തുക പിരിക്കുന്നു.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന യുജിസി നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നതായും പരാതി ചൂണ്ടിക്കാണിക്കുന്നു. എസ്സി, എസ്ടി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുന്നതിനാലാണ്. മറ്റ് കേന്ദ്ര സര്വ്വകലാശാലകളിലേതുപോലെ പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കിയാല്‍ ഇത് പരിഹരിക്കാനാകുമെന്നും പരാതിയില്‍ പറയുന്നു. പ്രവേശന സമയത്ത് പറയാത്ത പലകാര്യങ്ങള്‍ക്കും സര്‍വ്വകലാശാല അനധികൃതമായി വിദ്യാര്‍ത്ഥികളില്‍ നിന്നും പണം ഈടാക്കുന്നു. യുജിസി നിര്‍ദ്ദേശങ്ങളുടെ നഗ്നമായ ലംഘനം തടയുന്നതിനും പട്ടികവിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുമാണ് പരാതി അവസാനിപ്പിക്കുന്നത്. ഫീസ് നല്‍കിയതുമായി ബന്ധപ്പെട്ട ബില്ലുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വ്വകലാശാല അധികൃതര്‍ വിവേചനം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: