ജനീവ: സിറിയന്‍ പ്രശ്നം പരിഹരിക്കാനുള്ള ജനീവ ചര്‍ച്ച അലസിപ്പിരിഞ്ഞു. മുപ്പതിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമാധാന ചര്‍ച്ചയില്‍ സര്‍ക്കാരും വിമതരും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്ത ഐക്യരാഷ്ട്ര സഭയുടെ ദൂതന് ലക്തര് ബ്രാഹിമി സിറിയന്‍ ജനതയോട് മാപ്പ് പറഞ്ഞു.
പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ ഭാഗധേയം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ആദ്യഘട്ട സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ചര്‍ച്ചയുടെ അജണ്ട തീരുമാനിക്കുന്നതില്‍ പോലും ഇരുവിഭാഗങ്ങളും തമ്മില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഭരണമാറ്റം എന്നതാകണം ചര്‍ച്ചകളുടെ മുഖ്യഅജണ്ട എന്ന് വിമതരും രാജ്യത്ത് നിലനില്‍ക്കുന്ന തീവ്രവാദം ആയിരിക്കണം മുഖ്യ അജണ്ടയെന്ന് ഭരണകൂടവും അഭിപ്രായപ്പെട്ടു.
ഭരണമാറ്റം എന്ന ഏക അജണ്ടയ്ക്ക് ഊന്നല്‍ നല്‍കുന്നതിലൂടെ ജനീവയിലെ സമാധാന ചര്‍ച്ചകള്‍ അമേരിക്ക തുരങ്കം വയ്ക്കുകയാണ് റഷ്യ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ആദ്യഘട്ട ചര്‍ച്ചകളില്‍ ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി തര്‍ക്ക വിഷയങ്ങള്‍ പോലും ചര്‍ച്ച ചെയ്യാന്‍ മധ്യസ്ഥര്‍ക്ക് സാധിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ജനീവയില്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച ആരംഭിച്ചത്.
മൂന്നു വര്‍ഷത്തോളമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്തുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: