ആറന്മുള: കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളിലും ജനങ്ങളുടെ പക്ഷത്തുനിന്ന വി.എം. സുധീരന് ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കുവാനുള്ള പ്രേരണ സര്‍ക്കാരില്‍ ചെലുത്തണമെന്ന് പ്രമുഖ സാഹിത്യകാരി സാറാ ജോസഫ് പറഞ്ഞു. വിമാനത്താവള പദ്ധതിക്കെതിരെ ആറന്മുളയില് നടക്കുന്ന അനശ്ചിതകാല സത്യാഗ്രഹത്തിന്റെ അഞ്ചാംദിവസത്തെ യോഗത്തില്‍ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.
ആറന്മുളയില് ജനങ്ങള്‍ക്ക് അവരുടെ സ്വന്തം ഭൂമിയിലും ഭവനങ്ങളിലും കൃഷിയിടങ്ങളിലുമുള്ള അവകാശത്തെ പിടിച്ചെടുക്കുവാന്‍ വി.എം. സുധീരന് കൂട്ടുനില്ക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. മൂലധന ശക്തികളുടെയും മറ്റു അഴിമതിക്കാരുടെയും നിഗൂഢ താല്പര്യങ്ങള്ക്കെതിരെ ജനങ്ങളോടൊപ്പം വി.എം. സുധീരന് ഉണ്ടാകുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്.
മൂലധന ശക്തികള്‍ എപ്പോഴും ജനകീയ ആവശ്യങ്ങള്‍ക്ക് അനുകൂലമായിട്ടല്ല നില്‍ക്കുന്നത്. ഭൂമിയും കൃഷിയും സംരക്ഷിക്കുവാന്‍ ആറന്മുളയില് നടക്കുന്ന സമരത്തിന് താനെപ്പോഴും കൂടെയുണ്ടാകുമെന്ന് സാറാജോസഫ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി.
ജനങ്ങള്‍ക്കുവേണ്ടിയുള്ളതല്ല ഇത്തരം വികസനമെന്നും, ആറന്മുളയില് വികസനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് അധിനിവേശമെന്നും അന്വേഷി പ്രസിഡന്റ് കെ.അജിത അഭിപ്രായപ്പെട്ടു. വികസനത്തിന്റെ പേരിലുള്ള കടന്നാക്രമണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. മദ്യം, മയക്കുമരുന്ന്, പെണ്ണ് എന്നീ മൂന്ന് ഘടകങ്ങള്‍ ചേരുന്ന സെക്സ് ടൂറിസമാണ് വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്നതെന്നും ഇത്തരം വികസനത്തെ പൈതൃകഗ്രാമമായ ആറന്മുളയിലേക്ക് കടത്തരുതെന്നും അജിത പറഞ്ഞു. ആഗോള മൂലധന താല്പര്യങ്ങള്ക്കുവേണ്ടിയും കുത്തക കമ്പനികള്‍ക്കുവേണ്ടിയും നടത്തുന്ന വിമാനത്താവളം പോലുള്ള വികസന നയത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അജിത പറഞ്ഞു.
പൈതൃകഗ്രാമമായ ആറന്മുളയിലെത്തിയ സാറാ ജോസഫിനെയും അജിതയേയും നാട്ടുകാര്‍ പരമ്പരാഗത ആചാരമനുസരിച്ച് വായ്കുരവയുടേയും വഞ്ചിപ്പാട്ടിന്റേയും അകമ്പടിയോടെയാണ് സത്യാഗ്രഹ പന്തലിലേക്ക് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: