കൊച്ചി: കളമശ്ശേരി കാസ്റ്റിങ് യാര്‍ഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തൊഴിലാളി യൂണിയനുകളുടെ സമീപനം എല്‍ ആന്റ് ടിക്ക് വീണ്ടും തലവേദന സൃഷ്ടിക്കുന്നു. എച്ച്എംടി കമ്പനിയുടെ കളമശ്ശേരിയിലെ ഭൂമി കയ്യേറിയ പാലക്കാമുകള്‍ ജുമാ മസ്ജിദിന്റെ ഒത്താശയോടെയാണ് എസ്ടിയു, ഐഎന്‍ടിയുസി തുടങ്ങിയ യൂണിയനുകള്‍ ആസുത്രിത തൊഴില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് ആക്ഷേപം. എല്‍ ആന്റ് ടിയും, കെഎംആര്‍എല്ലും, ഡിഎംആര്‍സിയും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണിത്. പാലക്കാമുകള്‍ ജുമാ മസ്ജിദിന്റെ സമീപം എല്‍ ആന്റ് ടിക്ക് എച്ച്എംടി പാട്ടത്തിനു നല്കിയ 5.5 ഹെക്ടര്‍ സ്ഥലത്ത് തുടങ്ങിയ കാസ്റ്റിങ് യാര്‍ഡ് എന്നതിനാല്‍ പള്ളി കയ്യേറിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്നും കാസ്റ്റിങ് യാര്‍ഡിനെ തുരത്തുക എന്ന അജണ്ട മാത്രമാണ് ഇപ്പോഴത്തെ തൊഴില്‍ തര്‍ക്കത്തിനു പിന്നില്‍.
ആസൂത്രിതമായി സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ മറ്റോരധ്യായമാണ് ഇന്നലെ അരങ്ങേറിയത്. മേല്പറഞ്ഞ വിവിധ യൂണിയനുകളില്‍പ്പെട്ട 58 അണ് സ്കില്‍ഡ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ എല്‍ ആന്റ് ടി ജോലി കൊടുത്തിട്ടുണ്ട്. ഇതിനു പുറമെ 42 തൊഴിലാളികളെ കൂടി ജോലിക്കെടുക്കണമെന്നാണ് പുതിയ ആവശ്യം. അതിന്റെ വെളിച്ചത്തില്‍ ഇന്നലെ റീജ്യണല്‍ ലേബര്‍ കമ്മീഷ്ണറും എല്‍ ആന്റ് ടിയും യൂണിയന് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയമായിരുന്നു. ഒട്ടും പരിചയ സമ്പന്നരല്ലാത്ത 42 പേരെക്കൂടി ജോലിക്കെടുക്കാന്‍ കഴിയില്ല എന്ന നിലപാട് എല്‍ ആന്റ് ടി സ്വീകരിച്ചതാണ് കാരണം.
ഇപ്പോള്‍ ജോലിക്കെടുത്ത 58 പേരെയും തൊഴില്‍ സ്ഥലങ്ങളില്‍ പലപ്പോഴും കാണാറില്ല എന്നാണ് ഡിഎംആര്‍സി യുടെ ഉന്നത ഉദ്യോഗസ്ഥന് ജന്മഭൂമിയോടു പറഞ്ഞത്. മുഴുവനായും യന്ത്രവത്കൃത സംവിധാനം ആയതിനാല്‍ ഇപ്പോഴുള്ള തൊഴിലാളികള്‍ക്ക് കമ്പികെട്ടുന്ന ജോലിയല്ലാതെ മറ്റൊരു തൊഴിലും ചെയ്യാന്‍ കഴിയില്ല എന്നാണ് എല്‍ ആന്റ് ടി എഞ്ചിനിയേഴ്സ് പറയുന്നത്. വീണ്ടും 42 പേരെ കൂടി എടുത്താലും സ്ഥിതി മറ്റൊന്നാകില്ല. എല്‍ ആന്റ് ടി യുടെ മുഴുവന്‍ സ്കില്‍ഡ് തൊഴിലാളികളും മൂന്നു ഷിഫ്റ്റ് തുടര്‍ച്ചയായി ഇവിടെ പണി ചെയ്യുന്നുണ്ട്. അതിനു പുറമെയാണ് ഇപ്പോഴുള്ള 58 തൊഴിലാളികള്‍. ഇത്തരത്തില്‍ അനര്‍ഹമായി ജോലിയില്‍ കയറുന്നവര്‍ സേഫ്റ്റി ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്തതും പ്രശ്നം സൃഷ്ടിക്കലിന്റെ ഭാഗമാണ്.
മെട്രോയുടെ പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു സ്ഥലത്തും ഇത്തരം തൊഴില്‍ പ്രശ്നങ്ങളില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനു പുറമെയാണ് എല്‍ ആന്റ് ടി എഞ്ചിനിയേഴ്സിനെതിരെയുള്ള കയ്യേറ്റങ്ങളും ഭീഷണിപ്പെടുത്തലും. ഈ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിക്കും അധികൃതര്‍ തയ്യാറാകാത്തതില്‍ ഡിഎംആര്‍സിക്കും, എല്‍ ആന്റ് ടിക്കും, എച്ച്എംടിക്കും കടുത്ത അമര്‍ഷമുണ്ട്.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: