ന്യൂദല്‍ഹി: കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയിലി, റിലയന്‍സ് മേധാവി മുകേഷ് അംബാനി തുടങ്ങിയവര്‍ക്കെതിരെ ദല്‍ഹി സര്‍ക്കാര്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. ദല്‍ഹി അഴിമതി നിരോധന വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതാണെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.
പ്രകൃതിവാതക വില ഏപ്രില്‍ ഒന്നു മുതല്‍ ഇരട്ടിയാക്കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കേജ്രിവാളിന്റെ നിര്‍ദേശപ്രകാരം ദല്‍ഹി അഴിമതി നിരോധന വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തത്. മൊയിലിയേയും അംബാനിയേയും കൂടാതെ മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റ, ഹൈഡ്രോ കാര്‍ബണ്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ. സിബല്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കരിന്റെ തീരുമാനത്തിനെതിരെ ഒരു സംസ്ഥാനം എടുത്ത കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വീരപ്പ മൊയ്ലി പറഞ്ഞിരുന്നു.
അഴിമതി വിരുദ്ധ വിഭാഗത്തിന് ദല്‍ഹിയില്‍ നടക്കുന്ന ഇടപാടിന് അന്വേഷണം നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മൂന്ന് സുപ്രീംകോടതി വിധികളുണ്ട്. അതിനാല്‍ കേസ് നിലനില്‍ക്കുമെന്ന നിയമോപദേശം കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ.എന്‍ വാഹന്‍വതി തന്നെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. അദ്യം കേസില്‍ സ്റ്റേയായിരിക്കും ആവശ്യപ്പെടുക.
പ്രകൃതിവാതക വിലവര്‍ധന സംബന്ധിച്ച് സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത നല്കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തത് ശരിയായ നടപടിയല്ലെന്ന് അറ്റോര്‍ണി ജനറല്‍ വാദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: