ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയില്‍ ജന്‍ലോക്പാല്‍ ബില്ല് അവതരിപ്പിച്ചു. ബില്ല് അവതരിപ്പിക്കരുതെന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശം തള്ളിക്കൊണ്ടാണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിന്മേല് വോട്ടെടുപ്പും ചര്‍ച്ചയും പിന്നീട് നടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
അരവിന്ദ് കെജ്രിവാള് തന്നെയാണ് ബില്ല് അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിച്ച് ഉടനെ സഭ അരമണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. സഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് കാണിച്ച് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ കോണ്‍ഗ്രസ്-ബി.ജെ.പി അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്നു ബില്ല് അവതരിപ്പിക്കാനയില്ല.
ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണമായിരുന്ന ജന ലോക്പാല്‍ ബില്ലില്‍ നിന്നും പിന്നോട്ടില്ലെന്ന് കെജ്രിവാള് വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരെ ജീവപര്യന്തം തടവിനു വരെ ശിക്ഷിക്കാന്‍ കഴിയുന്നതരത്തില്‍ ശക്തമാണ് ആം ആദ്മിയുടെ ലോക്പാല്‍ ബില്‍. അഴിമതിക്കാരെ കാണിച്ചു കൊടുക്കുന്ന ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുള്‍പ്പെടെയുള്ള നിബന്ധനകളും ബില്ലിലുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെയും ഗവര്‍ണറുടേയും അനുമതിയില്ലാതെ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാനാണ് എഎപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ബില്ലവതരിപ്പിക്കേണ്ട സാങ്കേതിക നടപടികള്‍ ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. വേണമെങ്കില്‍ സ്പീക്കറുടെ പ്രത്യേകാധികാരം ഉപയോഗിച്ച് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാവുന്നതാണ്. എന്നാല്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ എതിര്‍പ്പുമായി വന്ന സ്ഥിതിക്ക് സ്പീക്കര്‍ എന്ത് തീരുമാനമാകും എടുക്കുക എന്നത് നിര്‍ണ്ണായകമാണ്.
പൂര്‍ണ്ണ സംസ്ഥാന പദവിയില്ലാത്ത ദല്‍ഹിക്ക് ട്രാന്സാക്ഷന് ഓഫ് ബിസിനസ്സ് നിയമം അനുസരിച്ച് സാമ്പത്തിക ബാധ്യതയുള്ള ബില്ലുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്രാനുമതി കിട്ടേണ്ടതുണ്ട്. ഇത്തരം ബില്ലുകള്‍ അവതരിപ്പിക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ലോക്പാല്‍ ബില്‍ സാമ്പത്തിക ബാധ്യതയുള്ളതാണ്. അതിനാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന മുന്‍ തീരുമാനം തന്നെയാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: