ന്യൂദല്‍ഹി: കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യതൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള സുവ നിയമം ഒഴിവാക്കിയേക്കും. ഇതു സംബന്ധിച്ച കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സമ്മതത്തോടെ നിയമമന്ത്രാലയത്തോട് ആഭ്യന്തരമന്ത്രാലയം ഉപദേശം തേടി.
നാവികരെ സുവ നിയമപ്രകാരം വിചാരണ ചെയ്യുന്നതിനെതിരെ ഇറ്റലി യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇറ്റലി അരോപിച്ചിരുന്നു.
എന്നാല്‍ ഐക്യരാഷ്ട്രസഭ കേസില്‍ ഇടപെടേണ്ട വിഷയമല്ലെന്നായിരുന്നു സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രതികരണം. കേസില്‍ അകപ്പെട്ട ഇറ്റാലിയന്‍ നാവികര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനും നാവികര്‍ക്കെതിരെ തെറ്റായ കുറ്റം ചുമത്തിയതിനുമാണ് ഇറ്റലി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണര്‍ക്ക് പരാതി നല്‍കിയത്.
ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഭീകരക്കുറ്റം ചുമത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ നാറ്റോയും മുന്നറിയിപ്പ് നല്‍കിയിരുന്നു. 2012 ഫെബ്രുവരിയില്‍ മത്സ്യതൊഴിലാളികളുടെ മരണത്തില്‍ ഇറ്റാലിയന്‍ മറീനുകളായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: