ബ്രസല്‍സ്: ഗുരുതര രോഗങ്ങളില്‍ കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ദയാവധം അനുവദിക്കുന്ന ബില്‍ ബെല്‍ജിയം പാര്‍ലമെന്റ് പാസാക്കി.
മാറാരോഗികളായ കുട്ടികളുടെ ദയാവധം പ്രായഭേദമെന്യേ നടപ്പിലാക്കാന്‍ സഹായിക്കുന്നതാണ് ബില്ല്. ബില്ലില്‍ രാജാവു കൂടി ഒപ്പുവയ്ക്കുന്നതോടെ ഇത്തരത്തിലുളള നിയമം പാസാക്കുന്ന ആദ്യ രാജ്യമാകും ബെല്‍ജിയം. 44 നെതിരേ 86 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്.
ഗുരുതര രോഗമുള്ള കുട്ടികള്‍ക്ക് കടുത്ത വേദനയില്‍ നിന്നും അവര്‍ അനുഭവിക്കുന്ന അവശതയില്‍ നിന്നും മോചനം നല്കാന് ദയാവധത്തിനു വിധേയമാക്കണമെന്നാണ് ബില്‍. പല വിദേശരാജ്യങ്ങളിലും ദയാവധം നിലനില്‍ക്കുന്നുണ്ടെങ്കിലും, 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇവര്‍ക്ക് സ്വന്തമായി ഒരു നിലപാടെടുക്കാന്‍ കഴിയില്ലെന്ന കാരണത്താലാണിത്. 2002 ലാണ് ബല്‍ജിയത്തില്‍ 12 വയസ്സിന് മുകളിലുള്ളവര്ക്കുള്ള് ദയാവധം നിലവില്‍ വന്നത്. കുട്ടികളുടെ മാതാപിതാക്കളുടെയും മെഡിക്കല്‍ സംഘത്തിന്റെയും അനുമതിയോടെ ദയാവധം അനുവദിക്കാമെന്ന് ബില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു.
പള്ളികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം മറികടന്നാണ് ബെല്‍ജിയം പാര്‍ലമെന്റ് ബില്‍ പാസ്സാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഇത്തരത്തില്‍ നിര്‍ണായകമായ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
എന്നാല്‍ വളരെ കുറച്ചു കുട്ടികള്‍ക്ക് മാത്രമേ ഇതു ബാധകമാകൂവെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. മരണം കാത്തു കിടക്കുന്നവര്‍ക്ക് പുതിയ ബില്‍ ആശ്വാസകരമാകുമെന്നാണ് പാര്‍ലമെന്റിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: