ന്യൂദല്‍ഹി: ഇന്ത്യന്‍ ജനാധിപത്യചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിനമായിരുന്നു ഇന്നലെ. പാര്‍ലമെന്റിലും പുറത്തുമായി അഴിഞ്ഞാടിയ ചില അംഗങ്ങള്‍ ശത്രുക്കളെപ്പോലെ ചേരി തിരിഞ്ഞ് തമ്മിലടിച്ചു.കൂട്ടത്തല്ലും മന്ത്രിക്കുനേരെയുള്ള കത്തിവീശലും കുരുമുളക് സ്പ്രേയും എല്ലാം നമ്മുടെ രാജ്യത്തിന് തന്നെ അപമാനമായി. തെലങ്കാന ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനിടെയായിരുന്നു, ദേശസ്നേഹികളായ ജനകോടികളെ വേദനയുടെ പടുകുഴിയിലാഴ്ത്തി ചില എം.പിമാരുടെ കോപ്രായങ്ങള്‍. സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ നാല് എംപിമാര്‍ ആശുപത്രിയിലാണ്.
കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ലോക്സഭയില്‍ തെലങ്കാന ബില്ലവതരിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ മുതല്‍ സഭ ബഹളമയമായിരുന്നു. തുടര്‍ന്ന് 11 മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴാണ് സംഘര്‍ഷം. സഭയുടെ നടുത്തളത്തില്‍ നിലയുറപ്പിച്ച ആന്ധ്രയില്‍ നിന്നുള്ള തെലങ്കാനയെ എതിര്‍ക്കുന്നവര്‍ ബില്ലവതരണം തടഞ്ഞു. ആഭ്യന്തരമന്ത്രിക്കു നേരെ കത്തിവീശിയ ടിഡിപി എംപി എം വേണുഗോപാല്‍ റെഡ്ഡിയുടെ നടപടി സഭയെ ഞെട്ടിച്ചു. മറ്റംഗങ്ങള്‍ കത്തി പിടിച്ചുവാങ്ങി. അതിനു തൊട്ടുപിന്നാലെ ബില്ല് മേശപ്പുറത്തു വെച്ചതില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ക്കു നേരെ കുരുമുളക് സ്പ്രേ അടിച്ചുകൊണ്ട് കോണ്‍ഗ്രസ് എംപി എല്‍. രാജഗോപാല്‍ സഭയിലൂടെ ഓടി. ഇതോടെ കണ്ണുനീറുകയും ശ്വാസം മുട്ടുകയും ചെയ്ത എംപിമാരും കേന്ദ്രമന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ പുറത്തേക്കോടി.
ഇതിനിടെ കേന്ദ്രആഭ്യന്തരമന്ത്രിക്കു നേരെ കത്തിവീശീയ ടിഡിപി എംപി വേണുഗോപാല്‍ റെഡ്ഡിയെ സിനിമാ താരങ്ങളും കോണ്‍ഗ്രസ് എംപിമാരുമായ വിജയശാന്തിയും രാജ് ബബ്ബാറും ചേര്‍ന്ന് സഭയുടെ നടുത്തളത്തിലിട്ട് തല്ലിച്ചതച്ചു. ആന്ധ്രാ വിഭജനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ അംഗങ്ങള്‍ പലവട്ടം സഭയ്ക്കകത്ത് തമ്മില്‍ത്തല്ലി. കോണ്‍ഗ്രസ് എംപിമാര്‍ രണ്ടു ചേരികളായി തിരിഞ്ഞ് തല്ലിത്തീര്ക്കുന്നതു കാണാന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കും യോഗമുണ്ടായി. കോണ്‍ഗ്രസ് എംപി ഇതിനിടെ പല തവണ സഭയ്ക്കുള്ളില്‍ കുരുമുളക് പ്രയോഗം നടത്തിയതോടെ സഭ നിലച്ചു. കേവലം നാലു മിനിറ്റിനുള്ളിലാണ് ഇതെല്ലാം നടന്നത്. ഈ സമയമെല്ലാം ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ അംഗങ്ങള്‍ അമ്പരപ്പോടെ രംഗം വീക്ഷിച്ച് സ്വന്തം സ്ഥാനങ്ങളിലിരിക്കുകയായിരുന്നു. കുരുമുളക് പ്രയോഗത്തില്‍ ശ്വാസം മുട്ടിത്തുടങ്ങിയതോടെ അവരും പുറത്തേക്ക് ഇറങ്ങി.
സഭവിട്ടു പുറത്തിറങ്ങിയ സ്പീക്കര്‍ മീരാകുമാര്‍ ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യം നാണംകെട്ടെന്ന് പ്രതികരിച്ചു. സഭയുടെ അന്തസിനേറ്റ തീരാകളങ്കമെന്ന് മുതിര്‍ന്ന പാര്‍ലമെന്റേറിയനും ബിജെപി നേതാവുമായ എല്‍.കെ അദ്വാനിയും പറഞ്ഞു. സഭയ്ക്കുള്ളില്‍ കത്തിയും വിഷവാതകവും കൂടാതെ മറ്റായുധങ്ങളുമുണ്ടായിരുന്നെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. പാര്‍ലമെന്റ് അംഗങ്ങളെ കൊല്ലാന്‍ നോക്കിയെന്ന് കേന്ദ്രമന്ത്രി രാജീവ്ശുക്ലയും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും പറഞ്ഞു.
എംപിമാരുടെ ദേഹപരിശോധന നടത്തണമെന്നും ആവശ്യമുയര്‍ന്നു. നിയമനിര്‍മ്മാതാക്കളായ അംഗങ്ങള്‍ നിയമം പാലിക്കണമെന്നുള്ളതിനാല് പാര്‍ലമെന്റില്‍ കടക്കുന്നതിന് എംപിമാര്‍ക്ക് ദേഹപരിശോധന നടത്തില്ലെന്നാണ് ചട്ടം.
തെലങ്കാന ബഹളത്തില്‍ ലോക്സഭയ്ക്കൊപ്പം രാജ്യസഭയിലും ഇന്നലെ നടപടികള്‍ മുടങ്ങി. ഇരു സഭകളും തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: