ഗാന്ധിനഗര്‍: ഒമ്പത് വര്‍ഷത്തെ വിലക്കും വിദ്വേഷവും മറന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അമേരിക്കന്‍ പ്രതിനിധിയെത്തി. പഴയ വിസ വിലക്കും വിഷയവും ചര്‍ച്ചചെയ്തില്ലെങ്കിലും അതിനപ്പുറം കടന്ന് അമേരിക്ക മോദിയുടെയും ഗുജറാത്തിന്റെയും വികസനം അംഗീകരിക്കുന്നതായി സമ്മതിച്ചു.
സംസ്ഥാന തലസ്ഥാനത്തെത്തി നരേന്ദ്രമോദിയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കുശേഷം യുഎസ് അംബാസഡര്‍ നാന്‍സി പവല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മോദിയുമായുള്ള ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കുശേഷം ന്യൂദല്‍ഹിയിലെ യുഎസ് എംബസിയാണ് നാന്‍സി പവലിന്റെ പ്രസ്താവന പുറത്തിറക്കിയത്.
2005 ല്‍ വിസ വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആദ്യമായാണ് ഒരു യുഎസ് അംബാസഡര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മുംബൈയിലെ യുഎസ് കോണ്‍ഗ്രസ് ജനറല്‍ പീറ്റര്‍ ഹസിനും യുഎസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് നാന്‍സി പവല്‍ മോദിയെ സന്ദര്‍ശിച്ചത്. മോദിയുടെ ഔദ്യോഗിക വസതിയില്‍ ഒന്നേകാല്‍ മണിക്കൂറെടുത്ത കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും നിരവധി വിഷയങ്ങളില്‍ ഔദ്യോഗികമായി ആശയവിനിമയം നടത്തി. ചര്‍ച്ചക്കിടെ ഇന്ത്യന്‍ നയതന്ത്ര വനിതയായ ദേവയാനി ഖോബ്രഗ്ഡെ അമേരിക്കയില്‍ അപമാനിക്കപ്പെട്ട പ്രശ്നം മോദി ഉന്നയിച്ചു.
ഗുജറാത്തിലെ മാതൃകാപരമായ ഭരണത്തെ പ്രശംസിച്ച നാന്‍സി പവല്‍ അത് ലോകത്തിന്റെ മറ്റിടങ്ങളിലും എത്തണമെന്ന് അഭിപ്രായപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഒന്നാന്തരം നിക്ഷേപ കാലാവസ്ഥയാണ് ഗുജറാത്തിലുള്ളതെന്ന് അവര്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ ഗുജറാത്ത് കൈവരിച്ച വികസനത്തില്‍ പവല്‍ സന്തോഷം പ്രകടിപ്പിച്ചു. 20 വര്‍ഷത്തിനുശേഷമാണ് നാന്‍സി പവല്‍ ഗുജറാത്തില്‍ എത്തുന്നത്.
പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളെ കാണുകയെന്ന അമേരിക്കന്‍ ദൗത്യത്തിന്റെ ഭാഗമായാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെന്ന് യുഎസ് എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി, ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പ്രാധാന്യം, മേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ഇന്ത്യയിലെ അമേരിക്കയുടെ വ്യാപാര-വാണിജ്യങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച കേന്ദ്രീകരിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഭീകരരെ നിയമത്തിനു കീഴില്‍ കൊണ്ടുവരേണ്ട ആവശ്യകത മോദി ചര്‍ച്ചയില്‍ ഉന്നയിച്ചു.
യുഎസ് പ്രതിനിധയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്നും എന്നാല്‍ അത് താന്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാവുമെന്നും നരേന്ദ്രമോദി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇത് പറഞ്ഞതിന്റെ പിറ്റേദിവസമാണ് മോദി-നാന്‍സി പവല്‍ കൂടിക്കാഴ്ചയെന്നും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: