ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ ലഹരി വിമോചന കേന്ദ്രത്തില്‍ പന്ത്രണ്ടുവയസുകാരി ശ്രേയ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. മാത്തുക്കുട്ടിയിലേക്കാണ് അന്വേഷണം നീളുന്നതെന്നാണ് ക്രൈംബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി: സി.എഫ്.റോബര്‍ട്ട് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇയാളെ ഉടനെ ചോദ്യം ചെയ്തേക്കും.
സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയതായി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം നടക്കാത്ത സാഹചര്യത്തില്‍ പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍നായര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. സിബിഐയും സര്‍ക്കാരും കേസ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.വി.രാമകൃഷ്ണന് ഉത്തരവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിരവധി കേസുകള്‍ അന്വേഷിക്കേണ്ടതിനാലാണ് ശ്രേയാ കേസ് ഏറ്റെടുക്കാന്‍ വൈകുന്നതെന്നാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
2010 ഒക്ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയയെയാണ് ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈതവന പള്ളിയുടെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥിനിയായ ശ്രേയ വ്യക്തിത്വ വികസനക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്നു പറഞ്ഞ് ധൃതിപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ 2011 ആഗസ്റ്റില്‍ സിബിഐക്ക് കേസ് വിടുകയായിരുന്നു. എന്നാല്‍ പ്രഖ്യാപനമുണ്ടായതല്ലാതെ യാതൊരു അന്വേഷണവും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് കൈമാറി ഹൈക്കോടതി ഉത്തരവിട്ടതിന് ഏതാനും ആഴ്ചകള്‍ക്കിടെയാണ് സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയില്‍ നടന്നിട്ടും സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
കൃപാഭവന്റെ ചുമതലക്കാരടക്കം 120ഓളം പേരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇതില്‍ പലരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. സംശയത്തിന്റെ നിഴലിലുള്ള കൃപാഭവന് ഡയറക്ടര്‍ ഫാ.മാത്തുക്കുട്ടിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഫാ. മാത്തുക്കുട്ടി സമ്മതം നല്കാതിരുന്നതിനാല് കോടതി അന്ന് അനുവാദം നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: