അള്‍ജിയേഴ്സ്: കിഴക്കന്‍ അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 77 പേര് കൊല്ലപ്പെട്ടു, അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. അള്‍ജിയേഴ്സിന് തലസ്ഥാനത്തിന് 500 കിലോമീറ്റര്‍ അകലെ ഔം എല്‍ ബൗവാഗി പ്രവിശ്യയില്‍ പര്‍വതനിരകള്‍ നിറഞ്ഞ ഭാഗത്താണ് അപകടം.
സൈനികരും അവരുടെ കുടുംബാംഗങ്ങളും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് സൈനിക അധികൃതര്‍ അറിയിച്ചത്. ദക്ഷിണ തമന്റാസെറ്റ് പ്രവിശ്യയില്‍നിന്നു കിഴക്കന്‍ നഗരമായ കോണ്സ്റ്റാന്റൈനിലേക്കു പോകുകയായിരുന്നു വിമാനം.
ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരു സൈനികനെ തലക്ക് പരിക്കുകളോടെ അള്‍ജിയേഴ്സിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ വിമാനം മൂന്ന് ഭാഗമായി തകര്‍ന്നു പോയിരുന്നു.
അള്‍ജീരിയ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
2003ലും അള്‍ജീരിയയില്‍ വിമാനദുരന്തമുണ്ടായിട്ടുണ്ട്. അന്ന് 102 പേര്‍ക്കാണ് ജീവന് നഷ്്ടമായത്. അന്നും അപകടത്തില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: