മൂവാറ്റുപുഴ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ കല്ലുമല പുളിയാമ്പിള്ളി പട്ടികജാതി കോളനിയില്‍ 11 വര്‍ഷം കഴിഞ്ഞിട്ടും കുടിവെള്ളമെത്തിയിട്ടില്ല. വേനലില്‍ കുടിവെള്ള ക്ഷാമം കൊണ്ട് വലഞ്ഞ കോളനി നിവാസികള്‍ക്ക് കുടിവെള്ളത്തിനായി നിര്‍മ്മാണോദ്ഘാടനം ചെയ്ത പദ്ധതിയാണ് നോക്കുകുത്തിയായി നില്‍ക്കുന്നത്. 2003-ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കും ഇതില്‍ ഉള്‍പ്പെടുന്നു. കേരള വാട്ടര്‍ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കിയത്.
കുടിവെള്ളത്തിനായി കണ്ണെത്താ ദൂരത്ത് കുടങ്ങളുമായി കുന്നും കുഴിയും തണ്ടി മെയിലുകളോളം നടക്കണം. കുടിവെള്ളത്തിനായി ലക്ഷങ്ങള്‍ മുടക്കി മോട്ടോര്‍ പമ്പ് ഷെഡും മോട്ടറും സ്ഥാപിച്ചു. 2കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പൊട്ടച്ചിറയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പുളിയാമ്പിള്ളി കോളനിയില്‍ നിര്‍മ്മിച്ചിട്ടുള്ള ടാങ്കില്‍ എത്തിച്ച് അവിടെ നിന്ന് കോളനിയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. 50000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഈ പദ്ധതി നടപ്പിലായാല്‍ കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. കേരള വാട്ടര്‍ അതോറിറ്റിയും ഗ്രാമ പഞ്ചായത്തും തമ്മിലുള്ള ശീതസമരമാണ് പദ്ധതി നടത്തിപ്പ് നീണ്ടുപോകുന്നതെന്നാണ് പിന്നാമ്പുറ സംസാരം. വാട്ടര്‍ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും നിരത്തുരവാദപരമായ നടപടി മൂലം പട്ടികജാതിക്കാര്‍ക്കുള്ള ഒരു പദ്ധതി കൂടി കുഴിച്ചു മൂടപ്പെടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന ഇത്തരം പദ്ധതികള്‍ എങ്ങും എത്താതെ നീണ്ടുപോകുന്നതെന്തെന്ന് അധികാരികള്‍ ചിന്തിക്കണം. മോട്ടോറും പമ്പ് സെറ്റും തുരുമ്പിച്ച നിലയിലാണ്. ടാങ്ക് നാശോന്മുഖമാകുകയാണ്. ഇവ അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ഇനിയും തുക ചെലവഴിക്കണം. പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കായി വാഗ്ദാനങ്ങള്‍ നടത്തുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുന്നതിനുള്ള ഒരു ഉദാഹരണമായി കല്ലുമല പട്ടികജാതി കോളനിയിലെ ഈ കുടിവെള്ള പദ്ധതി മാറുകയാണ്. 2003-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പമ്പ് ഹൗസും വാട്ടര്‍ ടാങ്കും പ്രവര്‍ത്തനക്ഷമമാക്കാതെ തുടങ്ങിയിടത്തുതന്നെ നിന്നാല്‍ അനുവദിച്ച തുക മുടങ്ങിപോകുമോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഈ കുടിവെള്ള പദ്ധതി നടപ്പിലായി ഒരു തുള്ളി വെള്ളം ഇതില്‍ നിന്നും കുടിച്ചിട്ട് മരിച്ചാല്‍ മതിയെന്നാണ് പദ്ധതി നടപ്പാക്കുന്ന കോളനിയിലെ ഒരു അമ്മ കണ്ണീരോടെ പറഞ്ഞത്. ഇങ്ങനെ വിഷമിക്കുന്ന നിരവധി അമ്മമാരും സഹോദരിമാരും കോളനിയിലുണ്ട്. കല്ലുമല കോളനിയുടെ അടിവാരത്തുള്ള നൂലുപോലെ വെള്ളം വരുന്ന പൊതുടാപ്പില്‍നിന്നും ജലം ശേഖരിച്ച് കുന്ന് കയറി വരുമ്പോഴേക്കും കൈകാലുകള്‍ കുഴഞ്ഞ് നടുവേദനയെടുത്ത് ഇവര്‍ അവശരായിരിക്കും. നടപ്പിലാകാത്ത മറ്റൊരു പദ്ധതിയായി കല്ലുമല പുളിയാമ്പിള്ളി കോളനിയിലേയ്ക്കുള്ള ഈ പദ്ധതി മാറുമോ?.
പൊട്ടച്ചിറ വൃത്തിയാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയെന്ന് പറയുമ്പോള്‍ അധികാരികളുടെ കീശയിലേയ്ക്കാണ് തുക പോയതെന്ന് സമീപവാസികള്‍ പറയുന്നു. ചിറയുടെ ആഴം കൂട്ടി ചെളി നീക്കി ചുറ്റും കെട്ടി വൃത്തിയാക്കിയെന്നൊക്കെ അധികാരികള്‍ പറയുമ്പോള്‍ കാടുകയറി ഇഴജന്തുക്കളുടെ വിരാഹകേന്ദ്രമായി മാറിയിരിക്കുകായാണ് ലക്ഷങ്ങള്‍ മുടക്കിയ പൊട്ടച്ചിറ. പംഫൗസിലെ വൈദ്യുതി ബോക്സില്‍ എലി കൂടുക്കൂട്ടിയിരിക്കുന്നു ഫ്യൂസ് കത്തിക്കരിഞ്ഞ നിലയിലുമാണ്. ഉപയോഗിക്കാത്തതുമൂലം തുരുമ്പിച്ചും വൃത്തിഹീനമായും പരിസരങ്ങള്‍ കിടക്കുന്നു. പംഫൗസിലെ മോട്ടോര്‍ ഷെഡ് ചിലന്തിവലയാല്‍ നിറഞ്ഞിരിക്കുന്നു.
ലക്ഷങ്ങള്‍ മുടക്കി കുഴിച്ചുമൂടിയ പൈപ്പ് നാശത്തിന്റെ വക്കിലാണ്. പട്ടികജാതിക്കാര്‍ക്ക് കുടിവെള്ളത്തിനു വേണ്ടി സ്ഥാപിച്ച ഒരു പദ്ധതിക്കാണ് ഈ ദുര്‍വിധി. തങ്ങളുടെ ചുമതലയില്‍ വരുന്നതല്ല തുടര്കാര്യങ്ങളെന്ന് വാട്ടര്‍ അതോറിറ്ററിയും പണം മുടക്കാന്‍ നിവര്‍ത്തിയില്ലെന്ന് പഞ്ചായത്തും പരസ്പരം കുറ്റം പറഞ്ഞ് കൈകഴുകുകയാണ്. വെള്ളം ഉപയോഗിക്കുന്ന കോളനി നിവാസികള്‍ വൈദ്യുതിചാര്‍ജ് പിരിച്ചെടുത്ത അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഒരിക്കലും നടപ്പാകാത്ത ഈ വ്യവസ്ഥയില്‍ ഉടക്കി നില്‍ക്കുകയാണ് കുടിവെള്ള പദ്ധതി. കാലാവധി തീരുന്നതിനുമുമ്പ് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന ദൃഢനിശ്ചയത്തോടെ വാര്‍ഡ് മെമ്പര്‍ പ്രവര്‍ത്തിക്കുന്നു എന്നത് കോളനിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: