അങ്കമാലി: അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച ജീവനക്കാരനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡര്‍ ചാലക്കുടി ആളൂര്‍ സ്വദേശി വിജയനെ(50)യാണ് അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബു, സബ് ഇന്‍സ്പെക്ടര്‍ എന്‍. എ. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിജയനെ അറ്റന്‍ഡര്‍ സ്ഥാനത്തുനിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വിജയനെതിരെ അങ്കമാലി പോലീസ് കേസ് എടുത്തത്. പോസ്കോ 7, 9 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പിടിയിലായ വിജയനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച രാവിലെയാണ് ആശുപത്രി ജീവനക്കാരനായ വിജയന് പീഡിപ്പിച്ചത്. സംഭവത്തില്‍ ഭയന്നുപോയ വിദ്യാര്‍ത്ഥിനി ആശുപത്രി ജീവനക്കാരോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം നടന്ന ഉടന്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പിലെ വിജിലന്‍സ് വിഭാഗം തെളിവെടുപ്പിന് എത്തിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും കൂടെയുണ്ടായിരുന്ന കൂട്ടുകാരിയുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിനെതുടര്‍ന്ന് വിജയനെ ഇന്നലെ ആരോഗ്യവകുപ്പില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ട പി. എസ്. വിജയനെതിനെ ഇതിനു മുമ്പും സ്ത്രീകളോട് മോശമായി പെരമാറിയെന്ന് ആരോപിച്ച് നിരവധി പരാതികള്‍ ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ പരാതികളെക്കുറിച്ച് അന്വേഷിക്കുവാന്‍ വകുപ്പ് തലത്തില്‍ തീരുമാനമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇതിനിടയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച താലൂക്ക് ആശുപത്രി ജീവനക്കാരനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ പ്രകടനം നടത്തി. അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫന്‍ മാടവന, അങ്കമാലി മണ്ഡലം പ്രസിഡന്റ് ബിജു മേനാച്ചേരി, അനീഷ് മണവാളന്, കെ. ബി. അനീഷ്, ഷൈരോ വര്‍ഗീസ്, ബേസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: