കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നോടിയായി ജില്ലയില്‍ പ്രാഥമിക മുന്നൊരുക്കങ്ങള്‍ സജീവമായി. എറണാകുളം, ചാലക്കുടി, മൂവാറ്റുപുഴ ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളുമായി എറണാകുളം മാത്രമാണ് പൂര്‍ണമായും ജില്ലയില്‍ ഉള്‍പ്പെടുന്നത്. ചാലക്കുടി മണ്ഡലത്തില്‍ ജില്ലയിലെ നാലും കോട്ടയം മണ്ഡലത്തില്‍ ഒന്നും ഇടുക്കി മണ്ഡലത്തില്‍ രണ്ടും നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളുടെ വരണാധികാരി ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ എറണാകുളം ജില്ല കളക്്ടറാണ്.
ജില്ലയില്‍ ആകെ 2027 ബൂത്തുകളിലായാണ് വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തുക. ഇത്രയും ബൂത്തുകള്‍ക്കായി അയ്യായിരത്തോളം ഇലക്്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കരുതല്‍ ശേഖരമാണ് സിവില്‍ സ്റ്റേഷനിലെ സ്ട്രോങ്ങ് റൂമിലുള്ളത്.
കൊച്ചി, വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം എന്നിവയാണ് എറണാകുളം ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍. ആലുവ, അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂര്‍ മണ്ഡലങ്ങളാണ് ജില്ലയെ പ്രതിനിധാനം ചെയ്ത് ചാലക്കുടി മണ്ഡലത്തിലുള്ളത്. പിറവം മണ്ഡലമാണ് കോട്ടയത്തിന്റെ ഭാഗം. മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ഇടുക്കി ലോക്സഭ മണ്ഡലത്തിന്റെ ഭാഗം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഇതുമായി ബന്ധപ്പെട്ട ജോലികളിലേക്ക് കടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കാവുന്ന ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ പട്ടിക, ആവശ്യമായി വരുന്ന വാഹനങ്ങള്‍ എന്നിവ അടക്കമുള്ള സ്ഥിതിവിവരക്കണക്കുകളും സമാഹരിച്ചു കഴിഞ്ഞു. അന്തിമ വോട്ടര്‍ പട്ടിക കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തൊട്ടു മുമ്പു വരെ ഓണ്‍ലൈനിലില്‍ വോട്ടര്‍മാരുടെ പേര് ചേര്‍ക്കാന്‍ കഴിയും.
മൂന്ന് ലോക്സഭ മണ്ഡലങ്ങളിലായി ഉള്‍പ്പെടുന്ന 14 നിയമസഭ മണ്ഡലങ്ങളിലായി മൊത്തം 22,37,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 11,07,755 വോട്ടര്‍മാര്‍ പുരുഷന്മാരും 11,29,421 വോട്ടര്‍മാര്‍ സ്ത്രീകളുമാണ്. 40-49 പ്രായക്കാരാണ് വോട്ടര്‍മാരില്‍ കൂടുതല്‍ – 22.54 ശതമാനം. 30-39 പ്രായഗ്രൂപ്പാണ് തൊട്ടു പിന്നില്‍ – 22.24 ശതമാനം. അതേസമയം കന്നിവോട്ടര്‍മാരായ 18-19 പ്രായഗ്രൂപ്പില്‍ 0.76 ശതമാനം പേര് മാത്രമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 20-29 – 18.89, 50-59 – 17.65, 60-61 – 10.81, 70-79 – 5.35, 80-89 – 1.6, 90ന് മുകളില്‍ – 0.16 എന്നിങ്ങനെയാണ് മറ്റ് പ്രായഗ്രൂപ്പുകളില്‍ വരുന്ന വോട്ടര്‍മാരുടെ ശതമാനക്കണക്ക്. 2483 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: