തൃപ്പൂണിത്തുറ: ലോകത്തിന് തന്നെ മാതൃകയായ കൊച്ചി രാജവംശത്തിന്റെ ‘മഹാരാജാവ്’ എന്ന് സ്വയം പറയാന്‍ പോലും കൂട്ടാക്കാതെ ലളിതജീവിതം നയിച്ച മഹദ്വ്യക്തിത്വത്തിനുടമയാണ് ബുധനാഴ്ച അന്തരിച്ച വലിയതമ്പുരാന്‍ രാമവര്‍മ്മ കൊച്ചനിയന് തമ്പുരാന്.രാജ്യമില്ലാത്ത രാജാക്കന്മാരായി പല രാജവംശങ്ങളും പ്രൗഢിയോടെ ഇന്നും വാഴുന്ന രാജ്യത്ത് കേവലം ഒരു പഞ്ചാംഗം മാത്രം പ്രതിഫലമായി സ്വീകരിച്ചുകൊണ്ട് രാജ്യംതന്നെ വിട്ടുകൊടുത്ത പാരമ്പര്യമാണ് കൊച്ചി രാജവംശത്തിനുള്ളത്. ആ തലമുറയിലെ ഇളമുറ തമ്പുരാനാണ് രാമവര്‍മ്മ കൊച്ചനിയന്. 102 വയസുവരെ ജീവിച്ച വലിയതമ്പുരാനെന്ന അപൂര്‍വ ബഹുമതിയും അദ്ദേഹത്തിന് സ്വന്തം.
2012 ജൂണ്‍ 6 ന് കളിക്കോട്ട പാലസില്‍ 100-ാം പിറന്നാള്‍ ആഘോഷിച്ച തമ്പുരാന് രണ്ട് കൊല്ലത്തിനുശേഷം മറ്റൊരു ബുധനാഴ്ച അതേ കളിക്കോട്ടയില്‍ നിത്യനിദ്രയിലാണ്ടു കിടക്കുന്നത് പിറന്നാള്‍കൂടിയ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം ഓര്‍മയിലൊരു മൗനനൊമ്പരമായി.ചിട്ടയായ ജീവിതചര്യയും ഭക്ഷണക്രമവുമാണ് തമ്പുരാന്റെ ആരോഗ്യരഹസ്യം. എല്ലാവരോടും തമ്പുരാന് കാണിച്ചിരുന്ന സ്നേഹവും സുഖാന്വേഷണവും മറ്റൊരു സവിശേഷതയാണ്.
കായികവിനോദങ്ങളില്‍ അതീവതല്പരനായിരുന്ന രാമവര്‍മ്മ കൊച്ചനിയന് തമ്പുരാന് ക്രിക്കറ്റ്, ടെന്നീസ്, ഫുട്ബോള്‍, ബില്യാര്‍ഡ്സ് തുടങ്ങി വ്യത്യസ്തങ്ങളായ കളികളില്‍ പ്രാവീണ്യം നേടിയിരുന്നു. എറണാകുളം രാമവര്‍മ്മ ക്ലബിലും തിരുവനന്തപുരം ടെന്നീസ് ക്ലബിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകാംഗവും ക്യാപ്റ്റനും ആയി തമ്പുരാന് പ്രവര്‍ത്തിച്ചു. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്താനായതും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകത. ഇന്നത്തേതുപോലെ ക്രിക്കറ്റിന് പ്രചാരവും പ്രശസ്തിയും ഇല്ലാതിരുന്ന കാലത്ത് ക്രിക്കറ്റിലും തമ്പുരാന് തന്നെയായിരുന്നു രാവര്‍മ്മ കൊച്ചനിയന് തമ്പുരാന്.ക്ഷേത്രദര്‍ശനം, വായന, ടിവി കാണല്‍ എന്നിവയിലെല്ലാം ഒരേ താല്പര്യംതന്നെയായിരുന്നു. സ്വന്തം കാര്യങ്ങളെല്ലം സ്വയം ചെയ്യുന്ന പതിവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
കളിക്കോട്ടയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നഗരസഭാ ചെയര്മാന് ആര്. വേണുഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് സി.എന്‍. സുന്ദരന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെല്ലാം അന്ത്യോപചാരമര്‍പ്പിച്ചു. പന്തളം വലിയതമ്പുരാന്‍ രാമവര്‍മ്മരാജ കളിക്കോട്ടയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്, തൃപ്പൂണിത്തുറ രാജനഗരി യൂണിയന് ഓഫ് റസി. അസോസിയേഷന് എന്നിവര്‍ക്കുവേണ്ടിയും പുഷ്പചക്രം അര്‍പ്പിച്ചു.
കളിക്കോട്ടയില്‍നിന്ന് ലക്ഷ്മിത്തോട് പാലസില്‍ കൊണ്ടുവന്ന മൃതദേഹത്തിന് പതിവിന് വിരുദ്ധമായി അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതും അവിടെതന്നെയായിരുന്നു.തുടര്‍ന്ന് രാജകുടുംബ ശ്മശാനത്തില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: