കൊച്ചി: മീറ്റര്‍ ചാര്‍ജിന്റെ പേരില്‍ ഓട്ടോറിക്ഷാ തൊഴിലാളികളെ പീഡിപ്പിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം ആറ് മുതല്‍ കൊച്ചി നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക്് നടത്തും. ഓട്ടോ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഇതിന് മുന്നോടിയായി അഞ്ചിന് വാഹന പ്രചരണ യാത്ര നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിന് രാവിലെ എട്ടിന് പള്ളുരുത്തിയില്‍ നിന്നും ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ വൈകിട്ട് ഏഴിന്് വൈറ്റിലയില്‍ സമാപിക്കും.
നിരക്ക് വര്‍ധന, റിട്ടേണ്‍ ചാര്‍ജ് എന്നീ കാര്യങ്ങളില്‍ വിദഗ്ദ സമിതിയെ ഉപയോഗിച്ച് പഠനം നടത്തുക, പ്രീപെയ്ഡ് സംവിധാനം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കുക, ടൗണ്‍ പരിധി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിലവിലെ മീറ്റര്‍ ചാര്‍ജില്‍ സര്‍വീസ് നടത്തിയാല്‍ തൊഴിലാളികള്‍ക്ക് ദിവസേനയുള്ള ചെലവിനാവശ്യമായ തുകപോലും ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു. കിലോമീറ്ററിന്് എട്ടു രൂപയാണ് നിലവില്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാര്‍ജ് വര്‍ധനവിന് ശേഷം പലതവണ പെട്രൊളിയം ഉല്‍പ്പന്നങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, ടയര്‍ ഇന്‍ഷുറന്‍സ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്ക്ക് ക്രമാതീതമായി വിലക്കയറ്റം നേരിട്ടിരുന്നു. ഇന്ധനം, ലോണ്‍, വാടക, അറ്റകുറ്റപ്പണികള്‍ എന്നിവ കഴിഞ്ഞാല്‍ കേവലം 300 മുതല്‍ 400 രൂപവരെയാണ് ആകെ ലഭിക്കുന്നത്.
ഇതിനായി 14 മണിക്കൂര്‍ വരെ പണിയെടുക്കേണ്ടതായും വരും. ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന് ചാര്‍ജ് പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ സമഗ്ര പഠനം നടത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം സൂചനാ സമരം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഇ.പി. സുരേഷ് (സിഐടിയു), സി.പി. കമലാസനന് (സിഐടിയു), കെ.ആര്. സജി (സിഐടിയു), കെ.ആര്. സാജു (എഐടിയുസി), ബിനു വര്‍ഗിസ് (എഐടിയുസി), ആര്. രഘുരാജ് (ബിഎംഎസ്) പി.ടി. ബിജു (ബിഎംഎസ്) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: