ആലുവ: തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ടദര്‍ശനം ഇന്ന് ഉച്ചക്ക് 12ന് നടക്കും. ക്ഷേത്രംതന്ത്രി വേഴപറമ്പ് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ചിറ്റാറ്റുപുറം നാരായണന് നമ്പൂതിരി, കീഴ്ശാന്തി സുമേഷ് നമ്പൂതിരി എന്നിവര്‍ അവിട്ട ദര്‍ശനത്തിന് കാര്‍മികത്വം വഹിക്കും.
അവിട്ടദര്ശനത്തിനെത്തുള്ള ഭക്തര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും മഹോത്സവ കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് വെയിലേല്‍ക്കാതെ ദര്‍ശനം നടത്തുന്നതിന് 500 മീറ്റര്‍ നീളത്തില്‍ നടപ്പന്തലൊരുക്കിയിട്ടുണ്ട്. വഴിപാടുകള്‍ക്കായി പ്രത്യേകം കൗണ്ടറുകളും ക്ഷേത്ര നടക്കല്‍ പറ നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്നും ക്ഷേത്രത്തിലേക്ക് സ്പെഷ്യല്‍ ബസ് സര്‍വീസുകളുണ്ടാകും. തുരുത്ത് എസ്എന്‍ കവലയില്‍നിന്നും ക്ഷേത്രത്തിലേക്ക് വിശ്വഹിന്ദുപരിഷത്തിന്റെ സൗജന്യ വാഹനസേവനമുണ്ടായിരിക്കും. പോലീസ്, ആംബുലന്‍സ്, മെഡിക്കല്‍ സംഘം എന്നീ വിഭാഗങ്ങളുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് ദര്ശനസൗകര്യമൊരുക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി 101 ക്ഷേത്ര വോളണ്ടിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭാരം, ചുക്കുവെള്ളം എന്നിവയും ലഭ്യമാണ്.
അവിട്ടദര്ശനത്തെ തുടര്‍ന്ന് വിഭവസമൃദ്ധമായ അവിട്ടസദ്യയും ഉണ്ടാകും. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും അവിട്ട സദ്യയില്‍ പങ്കാളികളാകുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ജാതിമതഭേദമന്യേ ആയിരങ്ങള്‍ അവിട്ടസദ്യയില് പങ്കെടുക്കും. അവിട്ടദര്‍ശന ദിവസമായ ഇന്ന് രാവിലെ 10ന് ഭജന, രാത്രി 9ന് തായമ്പക, 11.30ന് താലപ്പൊലി, തുടര്‍ന്ന് വെടിക്കെട്ട്, ഞായറാഴ്ച വെളുപ്പിന് 2ന് മുടിയേറ്റ്, 5ന് ഗുരുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: