കൊച്ചി : പച്ചാളം മേല്‍പാലത്തിന് കിറ്റ്കോ സമര്‍പ്പിച്ച രൂപരേഖ പൂഴ്ത്തിവച്ച് പുതിയരൂപരേഖയുണ്ടാക്കിയതില് വന്‍ അഴിമതി നടന്നതായി പരാതി. വികസനപാത എന്ന നിലയില്‍ നര്ദ്ദേശിച്ചപാലം പച്ചാളത്തെ ഗതാഗതകുരുക്ക് പരിഹരിച്ച് ചത്യാത്ത് നിന്നാരംഭിച്ച് പച്ചാളം ശ്മശാനത്തിനടുത്ത് അവസാനിക്കുന്ന തരത്തിലുള്ള പ്ലാനാണ് നഗരസഭ വിദഗ്ധസമിതി അംഗീകരിച്ച് ടൗണ്‍ പ്ലാനിങ്ങിനു കൈമാറിയത്. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഈ പ്ലാന്‍ പിന്നീട് പൂഴ്ത്തുകയാണുണ്ടായത്. കിറ്റ്കോ സമര്‍പ്പിച്ച പ്ലാനിനെക്കുറിച്ചന്വേഷിച്ചപ്പോള് അറിയില്ല എന്ന മറുപടിയാണ് മേയറില്‍ നിന്നും കിട്ടിയതെന്ന് ഒരു കൗണ്‍സിലര്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് കൗണ്‍സിലറുടെ അന്വേഷണത്തില്‍ കിറ്റ്കോ സമര്‍പ്പിച്ച പ്ലാന്‍ അടങ്ങിയ ഫയലിന്റെ പേജുകള്‍ കൂട്ടി ഒട്ടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സ്ഥലത്തെ ഒരു പ്രമുഖ സമ്പന്നനും രൂപരേഖമാറ്റുന്നതില് പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നാണ് പരാതിഉയര്ന്നിരിക്കുന്നത്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ചത്യാരിപള്ളിയും, സ്കൂളും, ശ്മശാനവും ഉള്‍പ്പെടുന്ന സ്ഥലം പുറംമ്പോക്കു ഭൂമി നികത്തി എടുത്തതാണെന്ന് പറയുന്നു. മേല്‍പാലം നിര്‍മാണത്തിനായി സ്ഥലം വില്‍ക്കേണ്ടിവന്നാല്‍ രേഖകള്‍ ഒന്നും തന്നെ നല്കാന് കഴിയാത്തതാണ് പാലം വഴിതിരിച്ചു വിടാന്‍ പ്രേരണയായതെന്നാണ് ആക്ഷേപം. സ്ഥലം എം.പിയും കേന്ദ്രമന്ത്രിയുമായ പ്രോഫ. കെ.വി.തോമസും, സ്ഥലം എം.എല്‍.എ ഹൈബി ഈഡനും, മേയര്‍ ടോണി ചെമ്മിണി യും ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരായതിനാലാണ് രാഷ്ടീയ സ്വാധീനമുപയോഗിച്ച് പദ്ധതിക്ക് തുരങ്കം വെക്കുന്നതെന്ന് നാട്ടുകാരനും ഗോശ്രീ-പൊറ്റക്കുഴി ആര്.ഒ.ബി ആക്ഷന്‍കൗണ്‍സില്‍ സെക്രട്ടറിയുമായ കെ.വി.കൃഷ്ണകുമാര്‍ പരാതിപ്പെടുന്നത്.
ആദ്യം ആലോചിച്ചിരുന്ന പച്ചാളം റൗണ്ട് എബൗട്ട് എന്ന പദ്ധതിയും ഇത്തരത്തില്‍ അനധികൃത കൈകടത്തലില്‍ അവസാനനിമിഷം വേണ്ടന്നു വച്ചതാണ്. ബഹുനിലകളില്‍ ഷോപ്പിങ്മാളുള്പ്പെടെയുള്ള പദ്ധതി വന്നിരുന്നെങ്കില്‍ നാടിന്റെ വികസനവും മേല്‍പാലത്തോടൊപ്പം ഉണ്ടാകുമായിരുന്നു. ഭൂമാഫിയകളെ സഹായിക്കാന്‍ ഉന്നതനേതാക്കള്‍ കോടികള്‍ കൈക്കലാക്കിയാണ് പാലത്തിന്റെ വഴി തിരിച്ചു വിട്ടിരിക്കുന്നത് എന്നും പരാതിയുണ്ട്. ഇപ്പോഴത്തെ പ്ലാനനുസരിച്ച് പാലം അവസാനിക്കുന്നത് കാട്ടുങ്കല്‍ ക്ഷേത്ര മുറ്റത്താണ്. ക്ഷേത്രത്തിന്റെ സ്ഥലം നഷ്ടപ്പെടുകയും ക്ഷേത്രാചാരങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ക്ഷേത്രോത്സവും മറ്റും നടത്തുന്നതിനും ഇതു തടസ്സം സൃഷ്ടിക്കുമെന്നാണ് അവരുടെ പരാതി.
ഇന്നു നടക്കുന്ന കൗണ്‍സില്‍ യോഗത്തിലാണ് പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കുന്നത്. കൗണ്‍സില്‍ യോഗത്തില്‍ പുതിയ പ്ലാന്‍ ശക്തമായി എതിര്‍ക്കാനാണ് ബിജെപി ഉള്‍പ്പെട്ട പ്രതിപക്ഷാംഗങ്ങളുടെ തീരുമാനം. പുതിയ പ്ലാനിനെതിരെ ഇപ്പോള്‍തന്നെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞദിവസം പച്ചാളം കവലയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേത്രഭാരവാഹികളും ഗോശ്രീ-പൊറ്റക്കുഴി ആര്.ഒ.ബി ആക്ഷന്‍കൗണ്‍സില്‍ നേതാക്കളും കൗണ്‍സിലര്‍മാരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: