കൊച്ചി : വൈറ്റില ജംഗ്ഷനേയും തമ്മനം-പാലാരിവട്ടത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊന്നുരുന്നി മേല്‍പാലത്തിന് ടോള്‍ ഏര്‍പ്പെടുത്താന്‍ ശക്തമായ നീക്കം ആരംഭിച്ചു. പണിപൂര്‍ത്തിയായിട്ടും ഉദ്ഘാടനത്തിന് മന്ത്രിമാരെ കിട്ടുന്നില്ല എന്ന പേരു പറഞ്ഞ് മേല്‍പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് മാസങ്ങളായി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ മാസം 8ന് ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയകൂട്ടായ്മ മേല്‍പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. പക്ഷെ ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അധികൃതര്‍ ഇടപെട്ട് പണിപൂര്‍ത്തിയായില്ല എന്ന ബോര്ഡൂ സ്ഥാപിച്ച് മേല്‍പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. പാലത്തിന്റെ മൊത്തം നിര്‍മ്മാണചെലവിന്റെ 50ശതമാനം ജനറം ഫണ്ടില്‍ നിന്നാണ് അനുവദിച്ചിട്ടുള്ളത് ബാക്കി തുകയില്‍ 30ശതമാനം സംസ്ഥാനസര്‍ക്കാരും 20ശതമാനം നഗരസഭയുമാണ് വഹിച്ചിരിക്കന്നത്.
ടോളുകള്കൊണ്ട് വീര്‍പ്പുമുട്ടുകയാണ് നഗരവും ജനങ്ങളും. ഏതു ഭാഗത്തുനിന്നു നഗരത്തിലേക്ക് കടക്കണമെങ്കിലും വാഹനങ്ങള്‍ ലെവി കൊടുക്കേണ്ട ഗതികേടിലാണ്. തോപ്പുംപടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മട്ടാഞ്ചേരി ബിഒടി പാലം ടോള്കടന്നുവേണം നഗരത്തിലേക്ക് കടക്കാന്‍. വൈക്കത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് പത്തോട്ട, തൃപ്പൂണിത്തുറ ബൈപാസ് കുട്ടപ്പിള്ളിക്കാട്ടുപുഴ പാലം, സീപോര്‍ട്ട് എയര്‍പോര്‍ട്ട്-കെആര്‍എല്‍ റോഡിലുള്ള മേല്‍പാലം, പറവൂര്‍ ഭാതത്തു നിന്നും വാരാപ്പുഴപാലം, നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കലൂര്‍ കതൃക്കടവ് റോഡുമായി ബന്ധിപ്പിക്കുന്ന പൂല്ലേപ്പടി പാലം ഇങ്ങനെ പോകുന്നു നഗരത്തിനെ വീര്‍പ്പുമുട്ടിക്കുന്ന ടോളുകളൂടെ കണക്കുകള്‍. ഈ ബൂത്തുകളിലെല്ലാം തന്നെ നീണ്ടനിരയാണ് പലപ്പോഴും കാണാന്‍ കഴിയുക. ഒരേസമയം അഞ്ചുവാഹനങ്ങളില്കൂടുതല് തടഞ്ഞുനിര്‍ത്തി ഗതാഗതകുരുക്കുണ്ടാക്കരുതെന്നാണ് പറയുന്നതെങ്കിലും ടോള്നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കരാറുകാര്‍ ടോള്‍ പിരിക്കുന്നത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടോള്‍ ബൂത്തുകള്‍ നിര്‍ത്തലാക്കണം എന്ന തീരുമാനം നിലനല്ക്കുമ്പോഴും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടോള്‍ ബൂത്തുകളുള്ളത് എറണാകുളം ജില്ലയിലാണ്. അതിനു തെളിവാണ് ഏരൂര്‍ വൈറ്റില റോഡുകളെ ബന്ധിപ്പിക്കുന്ന കണിയാമ്പുഴപാലം. ഏകദേശം ഒന്നരവര്‍ഷം മുന്‍പു പിഡബ്ല്യൂഡി ഇടപെട്ട് നിര്ത്തിച്ചതാണ്് ഇത്. അനധികൃതമായി ബലം പ്രയോഗിച്ച് ടോള്‍പിരിവു നടത്തുന്നു എന്ന പരാതി ശക്തമായ സാഹചര്യത്തില്‍ പിഡബ്ല്യൂഡി യും കരാറുകാരനും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ടോള്‍ നിര്‍ത്തലാക്കിയത്. വര്‍ഷങ്ങളായി ടോള്‍ ബൂത്തുകളില്‍ നിന്നും കിട്ടുന്ന വരിമാനത്തില് വന്‍ അഴിമതി നടക്കുന്നുണ്ട് എന്നു പരാതി ഉയര്‍ന്നിട്ടും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
തൃപ്പൂണിത്തുറ കെആര്‍എല്‍ റോഡിലുള്ള മേല്‍പാലത്തിന്റെ ആകെ നിര്‍മ്മാണചെലവ് 10കോടിയില്‍ താഴയാണ്. കൊച്ചിന് റിഫൈനറിയും റെയില്‍വേസും പ്രധാനമായും ചേര്‍ന്നാണ് മേല്‍പാലം നിര്‍മ്മിച്ചത്. ടോള്‍ ഏര്‍പ്പെടുത്തുന്നതിനോട് റിഫൈനറിയും റയില്‍വേസും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നത് അന്ന് വാര്‍ത്തയായിരുന്നു. 2013ജൂലൈവരെയുള്ള കണക്കനുസരിച്ച് ലഭിച്ച ടോള്‍ വരിമാനം 20കോടി 49ലക്ഷം രൂപയാണ്. 2007-10 കാലയളവിലെ വരിമാനം 9കോടി 9999 രൂപ വരിമാനം 2010-11 ല്‍ 3കോടി 71 ലക്ഷമായിട്ടും 2012-13 കാലഘട്ടത്തില്‍ 2കോടി 62ലക്ഷം രൂപയുമായി കൂറയുന്ന വിരോധാഭാസമാണ് കാണാന്‍ കഴിഞ്ഞത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറുടെ കണക്കുപ്രകാരം 2013ല്‍ എട്ടുലക്ഷം അധികം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ആ സാഹചര്യത്തില്‍ ടോള്‍ ബൂത്തിലെ വരുമാനം വര്‍ദ്ധിക്കുന്നതിനു പകരം കുറച്ചുകാണിക്കുന്നത് രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരുടെ ഒത്താശയോടെയാണെന്നും വിമര്‍ശനമുണ്ട്.
ഇന്ധനത്തിനുവേണ്ടി ചെലവഴിക്കുന്ന തുകയില്‍ ഏതാണ്ട് 52ശതമാനവും കേന്ദ്ര സംസ്ഥാനഗവണ്മെന്റുകളിലേക്ക് ടാക്സിനത്തില്‍ ചെല്ലുന്നത്. ഇതിനു പുറമെയാണ് പാലത്തിനുള്ള ലെവി. ഇതു കൂടുതലായി ബാധിക്കുന്നത് സാധാരണ ജനങ്ങളെയാണ്. കര്‍ശനമായി ടോള്‍ പിരിവുനടത്തുമ്പോഴും ഇവിടുത്തെ റോഡുകളെല്ലാം തന്നെ വളരെ മോശാവസ്തയിലാണ് സംരക്ഷിക്കപ്പെടുന്നത്.
കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങള്‍ ടോള്‍ പിരിക്കാതെതന്നെ റോഡുകളും പാലങ്ങളും വളരെ ഉയര്ന്നക്വാളിറ്റിയില് തന്നെയാണ് സംരക്ഷിക്കുന്നത്. വല്ലാര്‍പാടം-കളമശ്ശേരി കണ്ടെയ്നര്റോഡ്, ഇടപ്പള്ളി മേല്‍പ്പാലം, എ.എല്‍.ജേക്കബ് മേല്‍പാലം (സലിം രാജന്), വെണ്ടുരുത്തിപാലം തുടങ്ങി പലപ്രമുഖ പാലങ്ങളും ടോള്‍നല്‍കാതെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുമ്പോള്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന പൊന്നുരുന്നി പാലത്തിന് ടോള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: