പറവൂര്‍: പരമ്പരാഗത കൈത്തൊഴിലാളികള്‍ക്കുള്ള പണിശാല കാടുകയറിയും ഉപയോഗമില്ലാതെയും നശിക്കുന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്തില്‍ കോട്ടപ്പുറം ഇരവിപുരത്ത് കേരള സാംബവര്‍ സൊസൈറ്റിയുടെ മൂന്ന് സെന്റ് സ്ഥലത്താണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പരമ്പരാഗത കൈത്തൊഴിലാളികള്‍ക്കുള്ള പണിശാല ഉപയോഗമില്ലാതെ നശിക്കുന്നത്.
ഇടത് സര്‍ക്കാരിന്റെ കാലത്ത് അന്ന് മന്ത്രിയായിരുന്ന എസ്.ശര്‍മ്മയാണ് ഈ പണിശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ വൈദ്യുതിയോ വെള്ളമോ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. നാല്‍പ്പതോളം പേര് ചേര്‍ന്ന് രണ്ട് സ്വയംസഹായ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളവും വെളിച്ചവും ഇല്ലാത്തതിനാല്‍ പണിശാലയിലിരുന്ന് ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കരകൗശലവിദ്യയില്‍ നിലവാരമുള്ള കുട്ട, തൊട്ടി, മുറം, കോരുകുട്ട, തളിക്കുട്ട, പലതരം ഓലക്കുടകള്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. തൊഴിലാളികള്‍ ഈ ആവശ്യങ്ങളുന്നയിച്ച് അധികൃതരെ സമീപിച്ചെങ്കിലും മാറിമാറി വന്ന ഭരണാധികാരികള്‍ക്ക് തൊഴിലാളികളുടെ രോധനം കേള്‍ക്കാനായില്ല. ഇതോടെ തൊഴിലാളികള്‍ ജീവിതം മുന്നോട്ട് നീക്കാനായി മറ്റ് ജോലികള്‍ തേടിപ്പോകേണ്ട അവസ്ഥയിലുമായി.
ഓണം, വിഷു, ക്രിസ്തുമസ്, ശിവരാത്രി എന്നീ ഉത്സവ സീസണുകളിലാണ് ഇവിടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും വിറ്റഴിച്ചിരുന്നത്. കാലങ്ങള്‍ ഏറെ കടന്നുപോയെങ്കിലും ഒരുവിഭാഗം തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായിരുന്ന ഈ പണിശാലയുടെ കുറവുകള്‍ പരിഹരിക്കാന്‍ അധികൃതരും ഭരണാധികാരികളും മുന്നിട്ടിറങ്ങുന്ന നേരത്തിനായി കാത്തിരിക്കുകയാണ് ഒരുകൂട്ടം തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: