ആലുവ: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസും ശ്രമിക്കുന്നതായി ആക്ഷേപം. ഇടുക്കി സ്വദേശിയായ ഒരാളാണ് കവിയൂര്‍ പൊന്നമ്മ, ഭീമന് രഘു, ശ്രീജിത്ത് രവി തുടങ്ങിയവരെ താരങ്ങളാക്കി നിര്‍മിക്കുന്ന സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് പലരേയും കബളിപ്പിച്ചത്. കവിയൂര്‍ പൊന്നമ്മയുള്പ്പെടെയുള്ളവര്ക്ക് അഭിനിയിക്കുന്നതിനുവേണ്ടി അഡ്വാന്‍സ് നല്‍കിക്കൊണ്ടുള്ള കരാര്‍ വരെ കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആലുവ സ്വദേശിയായ രവീന്ദ്രന് നായര്‍ എന്നയാളുടെ നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ അഭിനയിപ്പിക്കാന്‍ സിനിമ നിര്‍മാണത്തില്‍ രണ്ട് ലക്ഷം രൂപയുടെ ഓഹരിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. അഡ്വാന്‍സായി ഒരുലക്ഷം രൂപ വാങ്ങുകയും ചെയ്തു. എന്നാല്‍ ഏറെനാള്‍ കഴിഞ്ഞിട്ടും സിനിമയുടെ നിര്‍മാണം തുടങ്ങാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്.
പിന്നീട് ആലുവ കോടതി മുഖേന ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ആലുവ പോലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ പലിശയ്ക്ക് പണം വാങ്ങിയതാണെന്നും സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടില്ലെന്നുമാണ് ഇടുക്കി സ്വദേശി ശ്രീകുമാര്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞത്. എന്നാല്‍ പ്രതിയെ രക്ഷിക്കുന്നതിനുവേണ്ടി പോലീസും ഒത്തുചേര്‍ന്നാണ് പലിശ കഥ മെനഞ്ഞിരിക്കുന്നതെന്ന ആക്ഷേപമുണ്ട്. സിനിമയെടുക്കുന്നത് സംബന്ധിച്ച് തയ്യാറാക്കിയ നിരവധി പോസ്റ്ററുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് രവീന്ദ്രന് നായര്‍ പരാതി നല്‍കിയിട്ടുണ്ട്. വിവിധ പേരുകളില്‍ പണം തട്ടിയെടുക്കുന്ന സംഘങ്ങളെ സംബന്ധിച്ച് പരാതി നല്കിയാല് പരാതിക്കാരോട് ഒത്തുതീര്‍പ്പുണ്ടാക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു സംഘം ആലുവ റൂറലിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: