കൊച്ചി: ലോകത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് അത്യുത്തമ മനഃശാസ്ത്രമാണ് ഗീതയും ഭാഗവതവുമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. മനുഷ്യന്റെ ബോധമണ്ഡലത്തെക്കുറിച്ച് വേണ്ടത്ര പഠനങ്ങളോ ഗവേഷണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നത്തെ വിദ്യാഭ്യാസവും രാഷ്ട്രീയ സംസ്ക്കാരവും മനുഷ്യബോധ വികാസത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരാണ്. ഇവിടെയാണ് ചിരപുരാതനമായ ഭാരത സംസ്കൃതിയുടെ പ്രാധാന്യം. മനുഷ്യന്റെ ബോധമനസ്സിന് ഇനിയും വികസിക്കുവാന്‍ സാധിക്കുമെന്നും അതിലൂടെ സമബുദ്ധി എന്ന അവസ്ഥ കൈവരിക്കാന്‍ സാധിക്കുമെന്നും ഋഷിവര്യന്മാര് കണ്ടെത്തിയതും സമബുദ്ധി വന്ന മനസ്സുകള്‍ക്ക് ജീവിതത്തിന്റെ ഏത് പ്രശ്നങ്ങളെയും ധീരമായി അഭിമുഖീകരിക്കുവാനുള്ള ശക്തിയും തന്റെ പ്രശ്നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്താനുള്ള കഴിവും വികസിപ്പിച്ചെടുക്കുവാന്‍ കഴിയുമെന്നും അവര്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ സമബുദ്ധി നേടിത്തന്ന ഒരു അത്യുത്തമ ജീവിതശാസ്ത്രമാണ് ഭാഗവതം.
എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന സുകൃതം ഭാഗവതയജ്ഞം മൂന്നാംദിവസത്തെ പ്രഭാഷണം നത്തുകയായിരുന്നു സ്വാമി ഉദിത്ചൈതന്യ. ഉച്ചയ്ക്ക് നടന്ന പരിസ്ഥിതി സംരക്ഷണത്തില്‍ ജനങ്ങളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പി.സി.സിറിയക് ഐഎഎസ്, അഡ്വ. ഹറീഷ് വാസുദേവന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. മൂന്നാം ദിനത്തില്‍ കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പുരഞ്ജനോപാഖ്യാനം, പ്രിയവ്രതചരിതം എന്നിവയെ അധികരിച്ച് സ്വാമിജി പ്രഭാഷണം നടത്തി. തുടര്‍ന്ന് വൈകിട്ട് കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.
സുകൃതം ഭാഗവതയജ്ഞത്തിന്റെ നാലാംദിവസമായ ഇന്ന് രാവിലെ 5.30ന് ധ്യാനത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഭാഗവത പാരായണവും പ്രഭാഷണവും സ്വാമിജി നിര്‍വഹിക്കും. വേദിയില്‍ ഉത്തമ കുട്ടികളെ വാര്‍ത്തെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് മാതൃക അധ്യാപകരായ ഭാസ്ക്കര പെരുമാള്‍, സുമിത്ര രാജന് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചയും തുടര്‍ന്ന് വൈകിട്ട് ദീപാരാധനയും കലാപരിപാടികളും അരങ്ങേറും. ഭാരതചരിതം, ഭൂഗോള വിവരം, അജാമിളോപഖ്യാനം എന്നിവ പ്രഭാഷണ വിഷയങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: