കൊച്ചി: വല്ലാര്‍പാടം പ്രോജക്ടിനുവേണ്ടി ഇടതുമുന്നണി സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച മൂലമ്പിളളിയിലെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനായി പ്രതിപക്ഷനേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി മൂലമ്പിളളി സന്ദര്‍ശിച്ചിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു. യുഡിഎഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്നാല്‍ പുന:രധിവാസപ്പാക്കേജ് സമയബന്ധിതമായി പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് അദ്ദേഹം അന്ന് ആ കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. പാക്കേജിന്റെ നടത്തിപ്പ് അട്ടിമറിക്കപ്പെട്ടാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ സ്ഥലം വിട്ടു നല്കുവാന് വിസമ്മതിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ മുമ്പാകെ പ്രസ്താവിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മൂലമ്പിളളി പാക്കേജിന്റെ നടത്തിപ്പ് ഒരു പ്രധാന അജണ്ടയായി സ്വീകരിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ മൂന്ന് വര്‍ഷത്തിനുശേഷവും വഴിയാധാരമാക്കപ്പെട്ട 316 കുടുംബങ്ങളില്‍ കേവലം 36 കുടുംബങ്ങള്‍ക്ക് മാത്രമാണ് തങ്ങള്‍ക്കനുവദിക്കപ്പെട്ട പുന:രധിവാസ ഭൂമിയില്‍ സ്വന്തം ചെലവില്‍ വീടു നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുളളത്. പുന:രധിവാസത്തിനായി കണ്ടെത്തിയ ഏഴ് സൈറ്റുകളില്‍ രണ്ട് സൈറ്റുകളില്‍ മാത്രമാണ് പാക്കേജിലെ നിബന്ധന പ്രകാരമുളള അടിസ്ഥാന സൗകര്യങ്ങള്‍ ഭാഗികമായിട്ടെങ്കിലും ഉറപ്പാക്കിയിരിക്കുന്നത്. വല്ലാര്‍പാടം പദ്ധതിയില്‍ ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിനുവീതം തൊഴില്‍ നല്‍കുമെന്നുളള പാക്കേജിലെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. പ്രതിഫലമായി ലഭിച്ച നാമമാത്രമായ നഷ്ടപരിഹാരത്തുകയില്‍ നിന്ന് പന്ത്രണ്ട് ശതമാനം വരുമാന നികുതി ഈടാക്കരുതെന്ന നിര്‍ദ്ദേശവും കാറ്റില്‍ പറത്തപ്പെട്ടു. ഇതിനെല്ലാമുപരിയായി പ്രക്ഷോഭത്തിന്റെ ദീര്‍ഘനാളുകളില്‍ സമരസമിതി നേതാക്കള്‍ക്കെതിരെ ഇടതു മുന്നണി സര്‍ക്കാര്‍ ചാര്‍ജ് ചെയ്തിട്ടുളള കളളക്കേസുകള്‍ പിന്‍വലിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ ഉറപ്പും ജലരേഖയായി. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം കേസുകള്‍ പിന്‍വലിക്കുന്നതിന് തടസമായി. എറണാകുളം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് 1-ാം നമ്പര്‍ കോടതി രര 1930/2009 പ്രകാരം കോര്ഡിനേഷന്കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ പ്രൊക്ലമേഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസ് പോസ്റ്റ് ചെയ്തിരിക്കുന്ന 2014 ജനുവരി 29-ന് മുമ്പ് കേസ് പിന്‍വലിക്കുവാനുളള നടപടികള്‍ യു.ഡി.എഫ്. ഗവണ്മെന്റ് സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ സ്വീകരിക്കുവാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു.
ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമരസഹായ സമിതി ചെയര്മാന് സി.ആര്. നീലകണ്ഠന്, കെ.റെജികുമാര്‍, കുരുവിള മാത്യു, പി.ജെ.സേലസ്റ്റിന് മൂലമ്പിളളി, ആന്‍സല്‍ മൂലമ്പിളളി, കെ.എ. ഗോപി എളമക്കര, എ.ജോണ്‍, ശശികുമാര്‍ മുളവുകാട്, ഏലൂര്‍ ഗോപിനാഥ്, കെ.എന്‍,സാബു എളമക്കര, ആഗ്നസ് ആന്റണി, ഹെന്റി ജൂഡ്, വില്‍സണ്‍. വി.പി., സുരേഷ്. പി.എസ്, ടി.കെ. സുധീര്‍കുമാര്‍, മൈക്കിള്‍ കോതാട്, പി.റ്റി.ഫ്രാന്‍സിസ്, പി.എ.ഗ്ലാഡ് വിന്, ജസ്റ്റിന് പയ്യപ്പിളളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: