കൊച്ചി: ഓട്ടോറിക്ഷ മീറ്റര്‍ പരിശോധനയുടെ പേരില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും പീഡിപ്പിക്കുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍. ജീവിക്കാന്‍ വേണ്ടി പകലന്തിയോളം വണ്ടിയോടിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരോട് നികൃഷ്ടജീവികളോടെന്ന പേലെയാണ് ചില പോലീസുകാര്‍ പെരുമാറുന്നതെന്നും ഇവര്‍ പറയുന്നു. ഒാട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പീഡനം അവസാനിപ്പിക്കണമെന്നും മീറ്റര്‍ പരിശോധന നിര്‍ത്തിവെക്കണമെന്നും ബിജെപി ലേബര്‍ സെല്‍ ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയാക്കിയ ശേഷം ഡീസലിന്റെയും പെട്രോളിന്റെയും വില പലതവണ വര്‍ധിപ്പിച്ചു. സ്പെയര്പാര്ട്ട്സുകളുടെയും ടയറിന്റെയും വില നാലിരട്ടിയോളം വര്‍ധിച്ചു. കൊച്ചി നഗരത്തിലെ മെട്രോ നിര്‍മ്മാണത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്കും കൂടിയായപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന തൊഴിലാളികള്‍ വളരെ കഷ്ടത അനുഭവിക്കുകയാണെന്നാണ് ഇവരുടെ പരാതി.
ഈ സാഹചര്യത്തില്‍ യാത്രാക്കൂലി വര്‍ധന നടപ്പാക്കാതെയും പുതിയ പെര്‍മിറ്റുകള്‍ വിതരണം ചെയ്യുന്നത് പൂര്‍ത്തിയാക്കാതെയും ഓട്ടോറിക്ഷ മീറ്ററിന്റെ പേരില്‍ തൊഴിലാളികളെ പീഡിപ്പിക്കുന്ന പോലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ബിജെപി ലേബര്‍ സെല്‍ തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ശക്തമായ സമരവുമായി നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ മുന്നോട്ട് വരുമെന്ന് സെല്‍ ഭാരവാഹികള്‍ അറിയിച്ചു. അടിക്കടിയുണ്ടാകുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ് പരിഗണിച്ച് ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ആറുമാസത്തിലൊരിക്കല്‍ പുനര്‍നിര്‍ണയിക്കണമെന്ന് ബിജെപി ലേബര്‍ സെല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: