കൊച്ചി: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരുവാന്‍ ഊര്‍ജിതനീക്കം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു. പോളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മറ്റിയെ അറിയിക്കും. സംസ്ഥാന കമ്മറ്റിയാണ് കോട്ടമുറിക്കലിനെ പുറത്താക്കിയത്. വിഎസ് പക്ഷം എതിര്‍ക്കാത്ത സാഹചര്യത്തില്‍ കോട്ടമുറിക്കലിന്റെ തിരിച്ചുവരവ് എളുപ്പമാകും. പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലാണ് തിരിച്ചുവരവിന് കളമൊരുക്കിയത്.
സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ കലൂരിലെ ലെനിന് സെന്ററില്‍വെച്ച് പാര്‍ട്ടി മെമ്പറായ ഒരു അഭിഭാഷകയുമായുള്ള കോട്ടമുറിക്കലിന്റെ അവിഹിതബന്ധം പാര്‍ട്ടിക്കാര്‍തന്നെ ഒളിക്യാമറയില്‍ പകര്‍ത്തിയതാണ് ഇദ്ദേഹത്തിന് വിനയായത്. 2012 ലായിരുന്നു ഈ സംഭവം. അതേത്തടുര്ന്ന് ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താകുകയും ചെയ്തു. പിണറായിപക്ഷക്കാരനായ കോട്ടമുറിക്കലിനെ വിഎസ് പക്ഷമാണ് ഒളിക്യാമറയില്‍ കുടുക്കിയത്. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ സ്ഥാപിച്ചതിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എ. ചാക്കോച്ചന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തു.
വിഎസ് പക്ഷത്തിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ല ഏറെക്കുറെ പിണറായിപക്ഷം പിടിച്ചടക്കിക്കഴിഞ്ഞു. ജില്ലാ കമ്മറ്റിയില്‍ വിഎസ് പക്ഷത്തിന് മുന്‍തൂക്കം ഉണ്ടെങ്കിലും ദിനേശ് മണി സെക്രട്ടറിയായതോടെ മറുപക്ഷത്തെ ഓരോന്നായി വെട്ടിനിരത്തിക്കൊണ്ടിരിക്കുകയാണ്. ഉദയംപേരൂരും വൈപ്പിനിലും ഉണ്ടായ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.
ഇതിനിടെ പിണറായി പക്ഷക്കാരനായ പെരുമ്പാവൂര്‍ ഏരിയാ സെക്രട്ടറിക്കെതിരെ വിഎസ് പക്ഷം ലൈംഗികാരോപണം ഉന്നയിച്ചത്. പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. പരാതിക്കാരനായ ആരോപണവിധേയായ സ്ത്രീയുടെ ഭര്‍ത്താവിന് ‘ഭ്രാന്താണെന്ന’ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് പെരുമ്പാവൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പര്‍ ഉള്‍പ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസം സിപിഎം വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: