കൊച്ചി: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് കളമശ്ശേരി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജില്‍ നടക്കുമെന്ന് ജില്ല കളക്ടര്‍ പി.ഐ.ഷെയക്ക് പരീത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എക്സൈസ്-ഫിഷറീസ് മന്ത്രി കെ.ബാബു ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, പി.രാജീവ് എം.പി, കളമശ്ശരി നഗരസഭ അധ്യക്ഷന്‍ ജമാല്‍ മണക്കാടന്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ.സോമന് തുടങ്ങിയവര്‍ പങ്കെടുക്കും.
വാക്സിന് നല്‍കുന്നതിനായി അംഗന്‍വാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം, ബോട്ടുജെട്ടികള്‍ എന്നിവിടങ്ങളിലായി 1858 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 4314 സന്നദ്ധ സേവകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ആദിവാസി കോളനികളിലും അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും വാക്സിന് വിതരണത്തിനായി മൊബെയില്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,75,698 കുട്ടികള്‍ക്കാണ് വാക്സിനേഷന് നല്‍കുക. ഇതില്‍ 3705 പേര് കുടിയേറ്റക്കാരാണ്.
19 ന് വാക്സിനേഷന് എടുക്കാന്‍ സാധിക്കാത്തവരെ കണ്ടെത്തി തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ വോളന്റീയര്‍മാര്‍ വീടുകളിലെത്തി വാക്സിനേഷന് നല്‍കും. ഫെബ്രുവരി 23 നാണ് പള്‍സ് പോളിയോ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ രണ്ടാം ഘട്ടം നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ അഡീ.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ, ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ.ശാന്ത കുമാരി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ വൈ.ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: