കൊച്ചി: പച്ചാളം റെയില്‍വേ മേല്‍പ്പാലത്തിനായി കഴിഞ്ഞ 30 വര്‍ഷത്തോളമായി മുറവിളികള്‍ ഉയരുന്നു. പക്ഷേ തീരുമാനം മാത്രം ഉണ്ടാകുന്നില്ല. മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുന്നതിന് തത്വത്തില്‍ തീരുമാനം ആയ സാഹചര്യത്തിലും ഇത് സംബന്ധിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് പഞ്ഞമില്ല. വര്‍ഷങ്ങളായി യാത്രാദുരിതം അനുഭവിക്കുന്ന ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ഭരണകര്‍ത്താക്കള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നല്കിയ താത്കാലിക ആശ്വാസം മാത്രമാണിതെന്നത് പരസ്യമായ രഹസ്യം. പാലം 30 മീറ്റര്‍ വീതിയില്‍ വേണമെന്ന ആവശ്യം ചുരുങ്ങി ചുരുങ്ങി 22 മീറ്ററിലും പതിനെട്ടര മീറ്ററിലും ചെന്നെത്തി. ഇപ്പോഴത് 10 മീറ്ററില്‍ വരെയെത്തി. പച്ചാളം ആര് ഒ ബി നിര്‍മിക്കാന്‍ ഫണ്ടില്ലെന്ന് വിലപിച്ച കൊച്ചി നഗരസഭയ്ക്ക് സന്തോഷിക്കാന്‍ ഇതില്പരം മറ്റൊന്നും വേണ്ട.
പച്ചാളം റെയില്‍വേ മേല്‍പ്പാലം പദ്ധതിയ്ക്കുള്ള ചെലവ് താങ്ങാന്‍ നഗരസഭയ്ക്ക് സാധിക്കില്ലെന്ന് കോര്പ്പറേഷന് സെക്രട്ടറി എ.എസ്.അനൂജ ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതും നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മറ്റേതെങ്കിലും തരത്തില്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്ന ധര്‍മ സങ്കടത്തിലാണ് കോര്പ്പറേഷന്. ഭൂമിയുടെ ഇന്നത്തെ വില വച്ചുനോക്കുമ്പോള്‍ 9 ഏക്കറോളം ഭൂമി ഏറ്റെടുക്കണമെങ്കില്‍ മാത്രം 150 കോടിയോളം രൂപ വേണ്ടിവരും. എന്നാല്‍ ഡിഎംആര്‍സിയ്ക്കാണ് നിര്‍മാണ ചുമതലയെങ്കില്‍ ഒരേക്കറോളം ഭൂമി ഏറ്റെടുത്താല്‍ മതിയാകും. പച്ചാളം ജംഗ്ഷനില്‍ നിന്ന് കാട്ടുങ്കല്‍ ക്ഷേത്രത്തിന് സമീപം വരെ നീളുന്ന ഈ റോഡ് കൊണ്ട് നാല് മിനിട്ട് ഇടവിട്ടുള്ള റെയില്‍ വേ ഗേറ്റ് അടയില്‍ നിന്നും താത്കാലിക മോചനം മാത്രമേ ആകുന്നുള്ളുവെന്ന് പ്രദേശവാസികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ഓള്‍ഡ് റയില്‍വേ സ്റ്റേഷന് പുനരുദ്ധരിക്കുമ്പോള്‍ മേല്‍പ്പാലം അത്യന്താപേക്ഷിതവുമാണ്.
ഭരണതലത്തില്‍ സ്വാധീനമുള്ള ചിലരുടെ ഇടപെടലാണ് പച്ചാളം മേല്‍പ്പാലം നിര്‍മാണത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നതെന്ന് പച്ചാളം ആര് ഒ ബി ആക്ഷന്‍ കൗണ്‍സിലും ആരോപിക്കുന്നു. ഒരു കേന്ദ്രമന്ത്രിയുടെ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ട് എന്നും ആരോപണമുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഈ ഉന്നതര്‍ക്കും വീടും സ്ഥലവും നഷ്ടപ്പെടും. 9 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ 150 ഓളം വീട്ടുകാരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരിക. രണ്ടര ഏക്കറോളം ഭൂമി ഈ ആവശ്യത്തിനായി ഫ്രീസ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഈ സ്ഥലത്ത് കൂടിയാവില്ല പാലത്തിന്റെ നിര്‍മാണം എന്നും ഇപ്പോള്‍ പറയുന്നു.
10 മീറ്ററില്‍ പാലം നിര്‍മിക്കുമ്പോള്‍ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. റയില്‍ പാളത്തിന് മുകളില്‍ കൂടി ഗേറ്റ് അടയ്ക്കലില്‍ നിന്നും രക്ഷ നേടാനൊരു മാര്‍ഗ്ഗം എതിനപ്പുറം രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതൊരു പരിഹാരമാവില്ല എന്നാണ് അവരുടെ വിലയിരുത്തല്‍. ഓരോ നാല് മിനിട്ട് കൂടുമ്പോഴും ഗേറ്റ് അടയ്ക്കും. പ്രതിദിനം 200 ഓളം ട്രെയിനുകളാണ് ഇതിലെ കടന്നുപോകുന്നത്. ലൂര്‍ദ് ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകളും കുറവല്ല. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ രോഗികള്‍ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബറില്‍ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ സാന്നിധ്യത്തില്‍ മേയറുമായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും 18 മീറ്ററില്‍ പാലം വേണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പാലത്തിന്റെ വീതി 10 മീറ്ററായി നിശ്ചയിച്ച ചര്‍ച്ചയില്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളെ ക്ഷണിച്ചിരുന്നില്ല.
പാലം ആദ്യം നിശ്ചയിച്ച വീതിയില്‍ തന്നെ പണിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പാകെ പ്രപ്പോസല്‍ സമര്‍പ്പിച്ച് അനുമതി നേടുമെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. കോര്‍പ്പറേഷന്റെ അനുമതി ലഭിച്ച ശേഷം മന്ത്രിസഭ സമിതിയുടെ പരിഗണയ്ക്ക് വിടും. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഡിഎംആര്‍സിയ്ക്ക് നിര്‍മാണം തുടങ്ങാന്‍ സാധിക്കു. ഏകദേശം 35 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നതെന്നും മേയര്‍ പറഞ്ഞു.
ചിറ്റൂര്‍ റോഡിന്റെ മധ്യത്തില്‍ കൂടി പില്ലറുകള്‍ സ്ഥാപിച്ച് പാലം പണിയുമ്പോള്‍ വന്‍ തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നതാണ് മേന്മയായി കണക്കാക്കുന്നത്. ശരാശരി 22 മീറ്റര്‍ വീതിയില്‍ പണിയുന്ന പാലങ്ങള്‍ മാത്രമേ ജനറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഫണ്ട് അനുവദിക്കുകയുള്ളു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഈ പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുകയുമില്ല. മേല്‍പ്പാലത്തിന്റെ വീതി 10 മീറ്ററാണെങ്കില്‍ ജനറം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.
ഭാവി വികസനങ്ങള്‍ ഒന്നും മുന്നില്‍ കാണാതെയുള്ള നടപടികളും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് നഗരസഭ എടുക്കുന്നതെന്ന ആരോപണവും ശക്തമാണ്. നഗരത്തിന്റെ വടക്കന്‍ മേഖലയ്ക്കും പച്ചാളം, വടുതല. പൊറ്റക്കുഴി ഭാഗത്തുള്ളവര്‍ക്കും നഗരത്തിലേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ പച്ചാളം മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാല്‍ സാധിക്കും. ഇടപ്പള്ളി, കലൂര്‍, കണ്ടെയ്നര്‍ റോഡ്, ഗോശ്രീ, വടുതല എന്നിവിടങ്ങളില്‍ നിന്നായി ആറോളം റോഡുകളും പച്ചാളത്ത് വന്ന് ചേരുന്നുണ്ട്. 20 വര്‍ഷം മുമ്പ് റയില്‍വേയുടെ പിങ്ക്ബുക്കില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മേല്‍പ്പാലങ്ങളുടെ പട്ടികയില്‍ പച്ചാളം മേല്‍പ്പാലവും ഉള്‍പ്പെട്ടിരുന്നു. മേല്‍പ്പാലം നിര്‍മിക്കുമെന്ന് ഉറപ്പ് നല്കിയ നഗരസഭ ഫണ്ടില്ലെന്ന കാരണത്താല്‍ നിര്‍മാണത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മേല്‍പ്പാലം പണിയുമെന്ന് ഭരണപ്രതിപക്ഷങ്ങള്‍ ഉറപ്പുനല്‍കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറുകയും ചെയ്യുന്ന സ്ഥിരം പതിവ് ഇക്കുറി നടക്കില്ലെന്ന്് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐ.എ.രവീന്ദ്രന് പറഞ്ഞു. മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങി പൂര്‍ണതയിലെത്തുന്ന ഘട്ടമെത്തുമ്പോഴല്ലാത്തെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ പ്രദേശവാസികള്‍ ഒന്നടങ്കം നിഷേധവവോട്ട് രേഖപ്പെടുത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: