മരട്: തിരിച്ചടക്കേണ്ടാത്ത വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നതായി പരാതി. വീടു നിര്‍മിക്കാനും മറ്റും അഞ്ചുലക്ഷം വരെ വായ്പ തിരിച്ചടക്കേണ്ടാത്ത വിധം തരപ്പെടുത്തി നല്‍കാം എന്നു വിശ്വസിപ്പിച്ച് നിരവധി പേരില്‍നിന്നും ഭൂമിയുടെ രേഖകളും പണവും ഒരു സംഘം കൈവശപ്പെടുത്തിവരുന്നതായാണ് ആക്ഷേപം. മരട് നഗരസഭയിലെ വളന്തക്കാട് തുരുത്ത് നിവാസികളാണ് ഇത്തരത്തില്‍ കബളിപ്പിക്കലിനിരയായിരിക്കുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഡയറക്ടര്‍മാരായ ഭൂമി ഇടപാടുകാരന് വളന്തക്കാട്ടെ നിരവധി പേരെ സമീപിച്ചിരുന്നതത്രെ. അഞ്ചുലക്ഷം വരെ തിരിച്ചടക്കേണ്ടാത്ത വായ്പ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പ്രതിഫലമായി ഒന്നര ലക്ഷം വരെയാണ് ആവശ്യപ്പെട്ടത്. കൂടാതെ വായ്പ ഈടിനായി വസ്തുവിന്റെ ആധാരവും ഇടനിലക്കാര്‍ക്ക് കൈമാറണം. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങള്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച് പണവും വസ്തു സംബന്ധിച്ച രേഖകളും ഇതിനോടകം കൈമാറിയതായാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ നാളിതുവരെയായി ഒരാള്‍ക്കുപോലും വായ്പ അനുവദിച്ചു കിട്ടിയിട്ടില്ല എന്നാണ് വിവരം.
ഇടനിലക്കാരായി രംഗത്തുവന്നവരില്‍ പലരും പ്രദേശത്തുള്ളവരുടെ പരിചയക്കാരാണ്. അതിനാല്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച് പണവും രേഖകളും നല്കിയവരും നിരവധിയാണ്. എന്നാല്‍ തിരിച്ചടവില്ലാത്ത വായ്പ എന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നാണ് ബാങ്കുകളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വായ്പ വാഗ്ദാനത്തിന് പിന്നില്‍ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ എന്നാണ് പലരുടേയും സംശയം. വളന്തക്കാട്ടെ 150 ഏക്കറോളം ഭൂമി സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ കൈവശമാണ്. 400 ഏക്കറിന്റെ പദ്ധതിയാണ് ഇവര്‍ ഇവിടെ വിഭാവനം ചെയ്യുന്നത്. ബാക്കി ഭൂമി കൂടി തരപ്പെടുത്താനുള്ള നീക്കമാണോ തിരിച്ചടവില്ലാത്ത വായ്പ പിന്നിലെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: