തൃപ്പൂണിത്തുറ: ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ആവശ്യപ്പെടലുകളുടെയും നിരന്തരമായ കാര്യപദ്ധതിയുടെയും പ്രയത്നത്തിന്റെ ഫലം രാജനഗരിയുടെ പൈതൃക സ്ഥാനമായ പൂര്‍ണ്ണാനദിയുടെ കിഴക്ക്-പടിഞ്ഞാറ് തോണിക്കടവുകള്ശാപമുക്തി നേടുകയാണ്. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി വര്‍ഷത്തിന്റെ വരവറിയിച്ച് ബാലഗോകുലം സംഘടിപ്പിച്ച ഗോകുലസംഗമവും നദീസംരക്ഷണയാത്രയും നദീപൂജയും തുടര്‍ന്ന് രൂപംകൊണ്ട പൂര്‍ണ്ണാനദീ സംരക്ഷണ പ്രസ്ഥാനവും ഉണര്‍ത്തിവിട്ടത് മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള തൃപ്പൂണിത്തുറയെന്ന സാംസ്ക്കാരിക നഗരിയുടെ ചരിത്രസമ്പന്നതയെയാണ്. പടിഞ്ഞാറെപ്പുഴയെന്ന വിളിപ്പേരുള്ള പലരും തോടായി കരുതിവന്നിരുന്ന ജലസ്രോതസ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ യഥാര്‍ത്ഥമായ പൂര്‍ണ്ണയായി ജനഹൃദയങ്ങളില്‍ നിറയുന്നു.
പൂര്‍ണ്ണാനദീ സംരക്ഷണ പ്രസ്ഥാനം ഇക്കഴിഞ്ഞ നാനൂറിലധികം ദിനങ്ങള്‍ സക്രീയമായി നടത്തിയ ഇടപെടലുകള്‍ക്ക് അധികൃതരുടെ കണ്ണ് തുറപ്പിക്കുവാന്‍ സാധിച്ചു. ശ്രീ പൂര്ണ്ണത്രയീശന് സഞ്ചാരപാതയൊരുക്കുന്ന, കാലങ്ങള്‍ക്ക് മുമ്പ് നാടിന്റെ ഗതാഗത കേന്ദ്രമായിരുന്ന തോണിക്കടവുകള്‍ മാലിന്യവിമുക്തമായി മേജര്‍ ഇറിഗേഷന്‍ മതിയായ സംരക്ഷണ ഭിത്തിയും പടവുകളും കെട്ടി സംരക്ഷിക്കുവാനുള്ള നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
രാജനഗരിയില്നിന്നും നാടിന്റെ പൈതൃകം പരിസ്ഥിതി, ഭാഷ എന്നിവയുടെ സംരക്ഷണത്തിനായി ‘നദീമിത്ര’ സംഹിതയിലധിഷ്ഠിതമായി ഒരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നു. ഇരുപത് വിദ്യാലയങ്ങളിലായി അമ്പത് നദീമിത്ര വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, പൈതൃകം, സാമൂഹ്യക്ഷേമം എന്നിവയെ അടിസ്ഥാനപ്പെടുത്തി പൂര്‍ണ്ണ എന്‍വയോണ്‍മെന്റ് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് പശ്ചിമഘട്ട സംരക്ഷണവും ആറന്മുളയുമടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു. ഇത്രയൊക്കെയാകുമ്പോള്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി വര്‍ഷം വിഭാവനം ചെയ്ത തീര്‍ത്ഥസ്ഥാനം പദ്ധതി സമ്പൂര്‍ണ്ണമായി വിജയത്തിലേക്ക് കടന്നുവെന്നുതന്നെ പറയാം.
ഈ വിജയത്തിന്റെ സ്മരണ എക്കാലവും രാജനഗരിയിലെ ജനമനസ്സുകളില്‍ നിലനില്‍ക്കണം, പൂര്‍ണ്ണാനദിയുടെ കിഴക്കേ തോണിക്കടവില്‍ ഉയര്ന്നുനില്ക്കുന്ന വിവേകാനന്ദ പ്രതിമയും സൂക്തഫലകവും ഇത് വ്യക്തമാക്കുന്നു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷസമിതിയാണ് ഇന്നലെ തോണിക്കടവില്‍ ഇത് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തൃപ്പൂണിത്തുറയില്‍ രൂപംകൊണ്ട് പ്രബുദ്ധ ഭാരതം സമിതി വിവേകാനന്ദ പ്രതിമയുടെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിവന്നിരുന്നു അതും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
‘സത്യത്തിനുവേണ്ടി എല്ലാം ത്യജിക്കാം സത്യം ഒന്നിനുംവേണ്ടി ത്യജിക്കരുത്’ എന്ന വിവേകവാണി ആലേഖനം ചെയ്ത സൂക്തഫലക സ്തൂപത്തില്‍ വിവേകാനന്ദജയന്തി ദിനമായ ഇന്നലെ നൂറിലധികമായ ആളുകള്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ ഒരുവര്‍ഷം നീണ്ടുനിന്ന 150-ാം ജയന്തി വര്‍ഷത്തിന്റെ ആഘോഷങ്ങള്‍ക്ക് പുത്തന്‍ മാറ്റത്തിന്റെ സഫലതയോടെ സമാപനം കുറിച്ചിരിക്കുന്നു. പുഷ്പാര്‍ച്ചന ചടങ്ങില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷസമിതി ജില്ലാ സംയോജകന്‍ രാജീവ് നാരായണന് മുഖ്യപ്രഭാഷണം നടത്തി. പൂര്‍ണ്ണാനദീ സംരക്ഷണസമിതി സംഘടനാ കാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍, പി.സോമനാഥന്, ഉണ്ണികൃഷ്ണന്, നവീന്‍, ആര്‍എസ്എസ് തൃപ്പൂണിത്തുറ നഗര്‍ സംഘചാലക് അഡ്വ. വിജയകുമാര്‍, എം.ഡി.ജയന്തന് നമ്പൂതിരിപ്പാട്, എം.എല്‍.രമേശ് എന്നിവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: